ലക്ഷദ്വീപിലേക്കുള്ള സീ പ്ലെയിന്‍ സര്‍വീസ് അടുത്ത മാസം തുടങ്ങും സുധീര്‍ കുന്നുകര
നെടുമ്പാശേരി: ലക്ഷദ്വീപിലേക്കുള്ള സീ പ്ലെയിന്‍ സര്‍വീസ് അടുത്ത മാസം അവസാനത്തോടെ നെടുമ്പാശ്ശേരിയില്‍ നിന്ന് ആരംഭിക്കും. നെടുമ്പാശ്ശേരിയില്‍ നിന്നും ലക്ഷദ്വീപിലെ കവരത്തിയിലേക്കാണ് ജലവിമാനം സര്‍വീസ് നടത്തുക. ഇതിനായി എട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ജലവിമാനം നെടുമ്പാശ്ശേരിയില്‍ എത്തി.
സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഡി.ജി.സി.എ വിദഗ്ധ സമിതിയുടെ പരിശോധന വിമാനത്തില്‍ നടന്നുവരികയാണ്. യാത്രക്കാരെ കൂടാതെ രണ്ട് പൈലറ്റുമാരും വിമാനത്തില്‍ ഉണ്ടാകും. 7000 രൂപയാണ് കവരത്തിയിലേക്കുള്ള യാത്രാ നിരക്ക്. കൂടാതെ പാക്കേജായും വിമാനം ബുക്ക് ചെയ്യാനാകും.
' കോഡിയാക് 100 ' വിഭാഗത്തില്‍പ്പെട്ട ജല വിമാനമാണ് ലക്ഷദ്വീപ് സര്‍വീസിനായി നെടുമ്പാശ്ശേരിയില്‍ എത്തിയിരിക്കന്നത്. ഈ വിമാനത്തിന് കരയില്‍ നിന്നും വെള്ളത്തില്‍ നിന്നും പറന്നുയരാനാകും. നെടുമ്പാശേരി വിമാനത്താവളത്തില്‍ കരയില്‍ നിന്നും പറന്നുയരുന്ന വിമാനം കവരത്തിയില്‍ വെള്ളത്തിലാണ് ലാന്റ് ചെയ്യുക.
അത്യാവശ്യ ഘട്ടങ്ങളില്‍ ഈ വിമാനം എയര്‍ ആംബുലന്‍സായും ഉപയോഗിക്കാനാകും. സംസ്ഥാനത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും തീര്‍ഥാടന കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി സീ പ്ലെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ജലവിമാനം ഇറങ്ങുന്നത് ജലജീവികള്‍ക്ക് ദോഷകരമാകുമെന്നും മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആക്ഷേപം ഉയര്‍ന്നതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനം നീണ്ടു പോകുകയാണ്.
സീ ബേര്‍ഡ് ഡ്രീംസ് എന്ന കമ്പനിയാണ് നെടുമ്പാശ്ശേരിയില്‍ നിന്നും കവരത്തി സര്‍വീസ് ആരംഭിക്കുന്നത്. ജലവിമാനം സര്‍വീസ് ആരംഭിക്കുന്നതോടെ ലക്ഷദ്വീപിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആഘര്‍ഷിക്കാന്‍ കഴിയുമെന്നും കണക്കുകൂട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."