മുക്കൂര്‍ത്തി നാഷനല്‍ പാര്‍ക്ക്: വരയാടുകളുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന
ഊട്ടി: വംശനാശ ഭീഷണിയിലായിരുന്ന വരയാടുകളുടെ (നീലഗിരി താര്‍) എണ്ണം വര്‍ധിച്ചതായി കണക്കുകള്‍. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മുതുമല കടുവാ സങ്കേതത്തിന്റെ നിയന്ത്രണത്തിലുള്ള മുക്കൂര്‍ത്തി നാഷനല്‍ പാര്‍ക്കില്‍ നടന്ന കണക്കെടുപ്പിലാണ് വരയാടുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 18 ശതമാനമാണ് വംശവര്‍ധനവ്.
480ല്‍ നിന്ന് 568ആയാണ് വരയാടുകള്‍ വര്‍ധിച്ചിരിക്കുന്നത്. 2016ല്‍ പാര്‍ക്കില്‍ നടത്തിയ കണക്കെടുപ്പില്‍ ഇവയുടെ എണ്ണം 480 ആയാണ് തിട്ടപ്പെടുത്തിയിരുന്നത്. എന്നാല്‍ 2017ല്‍ ഇത് കുറഞ്ഞ് 438 ആയി. കൃത്യമായ കണക്ക് ലഭിക്കുക പ്രയാസമാണെന്നും എന്നാല്‍ വരയാടുകളുടെ അമൂല്യമായ ആവാസവ്യവസ്ഥയായ നീലഗിരിയില്‍ വരയാടുകളുടെ വംശവര്‍ധനവില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
എണ്ണത്തില്‍ വര്‍ധനവുണ്ടായതിന് പുറമേ, ഇവയുടെ നിലനില്‍പിന് സാധ്യമാക്കുംവിധമുള്ളതാണ് നിലവിലെ ആണ്‍, പെണ്‍ അനുപാതവും. രണ്ടു പെണ്‍ വരയാടുകള്‍ക്ക് ഒരു ആണ്‍ വരയാട് എന്ന നിലയിലാണ് നിലവിലെ അനുപാതം. ഇത് ഇവയുടെ വംശവര്‍ധനവിന് അനുകൂലമാണെന്ന് കണക്കെടുപ്പില്‍ പങ്കെടുത്ത വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ജില്ലയിലെ വനങ്ങളില്‍ അതിവേഗം വ്യാപിക്കുന്ന അധിനിവേശ സസ്യങ്ങള്‍ ഇവയുടെ നിലനില്‍പിന് ഭീഷണിയാകുന്നുണ്ട്.
തമിഴ്‌നാട് വനം വകുപ്പും ഉദംഗമണ്ഡലം ഗവ.ആര്‍ട്‌സ് കോളജിലെ സുവോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായാണ് കണക്കെടുപ്പ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."