ഗോവയില്‍ ഭരണ പ്രതിസന്ധിയെന്ന് കോണ്‍ഗ്രസ്
പനാജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സക്കായി അമേരിക്കയില്‍ പോയതോടെ ഗോവയില്‍ ഭരണം അവതാളത്തിലായതായി പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.
അസുഖബാധിതനായ പരീക്കര്‍ ചികിത്സക്കായി അമേരിക്കയിലാണുള്ളത്. ഇടക്കാലത്ത് സംസ്ഥാനത്തെത്തിയിരുന്നെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വീണ്ടും അമേരിക്കയിലേക്ക് പോകുകയായിരുന്നു. ഈ സാഹചര്യത്തില്‍ അധികാരം ആര്‍ക്കും നല്‍കാന്‍ അദ്ദേഹം തയാറായിട്ടുമില്ല. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയാണുള്ളത്. ഈ അവസ്ഥയില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് രമാകാന്ത് ഖലാപ്, ഗവര്‍ണര്‍ മൃദുല സിന്‍ഹയോട് ആവശ്യപ്പെട്ടു.
വൈദ്യുതി മന്ത്രി പാണ്ഡുരംഗ് മദ്‌കെയ്കര്‍, നഗരാസൂത്രണ മന്ത്രി ഫ്രാന്‍സിസ് ഡിസൂസ എന്നിവരും അസുഖ ബാധിതരായി ആശുപത്രിയിലാണ്. മുഖ്യമന്ത്രിയും ഈ രണ്ട് മന്ത്രിമാരും എന്ന് സംസ്ഥാനത്ത് തിരിച്ചെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയാണ് പോംവഴിയെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
പാന്‍ക്രിയാസില്‍ രോഗബാധയെതുടര്‍ന്നാണ് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അമേരിക്കയിലേക്ക് പോയത്. ഓഗസ്റ്റ് 22ന് തിരിച്ചെത്തിയിരുന്നെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വീണ്ടും അമേരിക്കയിലേക്ക് പോയിരിക്കുകയാണ്. ഈ മാസം എട്ടിന് തിരിച്ചെത്തിയേക്കുമെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.
നഗരാസൂത്രണ മന്ത്രി ഫ്രാന്‍സിസ് ഡിസൂസയും അമേരിക്കയില്‍ ചികിത്സയിലാണ്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ജൂണ്‍ അഞ്ചുമുതല്‍ മന്ത്രി മദ്‌കെയ്കര്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."