കൊണ്ടോട്ടി മേഖലയില്‍ മൂന്ന് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നൂറുമേനി
കൊണ്ടോട്ടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൊണ്ടോട്ടി മേഖലയില്‍ മൂന്ന് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നൂറുമേനി വിജയം. തുടര്‍ച്ചയായി ആറാം തവണയും നൂറുമേനി കൊയ്ത് തടത്തില്‍ പറമ്പ് ഗവ.ഹയര്‍സെക്കന്‍ഡി സ്കൂളും മൂന്നാം തവണയും വിജയം നേടിയ അരിമ്പ്ര ജി.വി.എച്ച് എസും രണ്ടാംതവണയും നൂറുശതമാനം വിജയം നേടിയ എടവണ്ണപ്പാറ ചാലിയപ്രം ഹൈസ്കൂളുമാണ് മിന്നുന്ന വിജയം നേടിയത്. അതിനിടെ കഴിഞ്ഞ അഞ്ചുവര്‍ഷം വരെ നൂറുമേനി വിജയം നേടിയ ചുള്ളിക്കോട് ഗവ. ഹൈസ്കൂളിന് ഇത്തവണ ഒരു കുട്ടിയുടെ പരാജയത്തോടെ നൂറുമേനി നഷ്ടമായി. 51 വിദ്യാര്‍ഥികളില്‍ 50 പേരും തുടര്‍ പഠനത്തിന് യോഗ്യത നേടി.
നൂറ് വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം നേടിയ ചരിത്രമാണ് തടത്തില്‍ പറമ്പ് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിനുള്ളത്. സ്കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടി. വിദ്യാര്‍ഥികളേയും അധ്യാപകരേയും പി.ടി.എ അഭിനന്ദിച്ചു.
അരിമ്പ്ര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് മൂന്നാം തവണയും നൂറുശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 128 കുട്ടികള്‍ മുഴുവന്‍ പേരും വിജയിച്ചു. മൂന്നുപേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും 14 പേര്‍ക്ക് ഒന്‍പത് വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. വിദ്യാര്‍ഥികളെ പി.ടി.എ അഭിനന്ദിച്ചു. എടവണ്ണപ്പാറ ചാലിയപ്രം ഗവ.ഹൈസ്കൂളിന് നൂറുമേനി നേടാനായി. പരീക്ഷ എഴുതിയ 50 കുട്ടികളും വിജയിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന സ്കൂളുകളില്‍ മുന്‍ നിരയിലുള്ള കൊട്ടുക്കര പി.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 1283 പേര് പരീക്ഷ എഴുതി. 1276 പേരും വിജയിച്ചു. 99.45 ശതമാനമാണ് വിജയം. ഇവരില്‍ 168 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടുന്ന രണ്ടാമത്തെ സ്കൂളെന്ന ബഹുമതിയാണ് കൊട്ടുക്കര നേടിയത്.
മൊറയൂര്‍ വി.എച്ച്.എം.എച്ച്.എസ്.എസിന് 99.7 ശതമാനം വിജയം നേടാനായി. 848 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 845 പേരും വിജയികളായി.96 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."