നിങ്ങള്‍ നിങ്ങളാവുക
ഭൂമിയില്‍ ഇനിയൊരു ജന്മം കൂടി വിധിക്കപ്പെട്ടാല്‍ ആരായിരിക്കാനാകും നിങ്ങളുടെ ആഗ്രഹം...?'' വിദ്യാര്‍ഥികളോടുള്ള അധ്യാപകന്റെ ചോദ്യം.
ഓരോരുത്തരും തങ്ങളെ സ്വാധീനിച്ച വ്യക്തികളുടെ പേരു പറയാന്‍ തുടങ്ങി. ചിലര്‍ മതപണ്ഡിതന്മാരുടെ പേരുകള്‍ പറഞ്ഞു. മറ്റു ചിലര്‍ പറഞ്ഞത് രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍. വേറെ ചിലര്‍ ഫിലിം സ്റ്റാറുകളുടെയും സ്‌പോര്‍ട്‌സ് സ്റ്റാറുകളുടെയും പേരുകളാണ് പറഞ്ഞത്.
എല്ലാവരുടെയും മറുപടികള്‍ കേട്ടപ്പോള്‍ അധ്യാപകന്‍ ചോദിച്ചു: ''എന്നാല്‍ എന്റെ ആഗ്രഹം എന്താണെന്നറിയണോ...?''
''അതെ..'' കുട്ടികള്‍ പറഞ്ഞു.
''ഞാന്‍ ആഗ്രഹിക്കുക ഞാനായി തന്നെ ജനിക്കാനാണ്..!''
ഇതു പറഞ്ഞ് ഒന്നു നിര്‍ത്തിയിട്ട് അധ്യാപകന്‍ തുടര്‍ന്നു:
''മറ്റൊരാളെ പോലെയാകാനാണ് ദൈവം നമ്മെ സൃഷ്ടിച്ചതെങ്കില്‍ എന്തിന് നമ്മെ വ്യത്യസ്തരായി പടച്ചു..?''
ഭാവിയില്‍ ആരെപോലെയാകാനാണ് ആഗ്രഹമെന്നു ചോദിച്ചാല്‍ മറ്റാരുടെയെങ്കിലും പേരു പറയാനാണ് ബഹുഭൂരിപക്ഷമാളുകളും ശ്രമിക്കുക. എനിക്ക് എന്നെ പോലെ തന്നെയായാല്‍ മതി എന്നു പറയുന്നവര്‍ അത്യപൂര്‍വം. അഭിമാനത്തോടെ അങ്ങനെ പറയാന്‍ കഴിയുന്നവരാണ് വിജയികള്‍. അല്ല, വിജയികളാണ് അങ്ങനെ പറയുക.
എനിക്ക് ഞാനായി തുടര്‍ന്നാല്‍ മതി എന്നു പറയാന്‍ കഴിയണമെങ്കില്‍ ഞാനാരെന്ന തിരിച്ചറിവ് ആദ്യം വേണം. അവനവനിലെ 'ഞാന്‍' പലര്‍ക്കും അപരിചിതനായതുകൊണ്ടോ അല്ലെങ്കില്‍ തന്റെ കാര്യത്തില്‍ മതിപ്പില്ലാത്തതുകൊണ്ടോ ആണ് മറ്റുള്ളവരെ കോപ്പിയടിക്കാന്‍ ശ്രമിക്കുന്നത്. ആ കോപ്പിയടി ഒരിക്കലും ഒറിജിനലായി മാറില്ല.
നിരത്തിലൂടെ ചീറിപ്പായുന്ന കാറുകള്‍ കണ്ടപ്പോള്‍ സാധുവായ ഓട്ടോ ഡ്രൈവര്‍ക്ക് ഒരു കാറു കിട്ടാന്‍ വല്ലാത്ത പൂതി. ഓട്ടോ വാങ്ങിയ കടം തന്നെ അടച്ചു തീരാത്ത സ്ഥിതിക്ക് കാര്‍ എന്ന സ്വപ്‌നം എങ്ങനെ പൂവണിയും...? അയാളൊരു കാര്യം ചെയ്തു.. തന്റെ ഓട്ടോയെ പിടിച്ച് കാറാക്കി മാറ്റി..! ഇപ്പോള്‍ ഒന്നാന്തരം ഓട്ടോകാര്‍.. പക്ഷെ, കണ്ടവര്‍ കണ്ടവര്‍ ചോദിച്ചു; ഇതെന്താ സാധനം..? ഓട്ടോറിക്ഷയുമല്ല, കാറുമല്ല. രണ്ടുംകെട്ട വസ്തു..!
ഓട്ടോയുടെയും കാറിന്റെയും അസ്തിത്വവും വ്യക്തിത്വവും രണ്ടാണ്. ഓട്ടോറിക്ഷയെ കാറാക്കിയാല്‍ കാറിന്റെ 'കോലംകെട്ടകോലം' വരുമെങ്കിലും കാറാകില്ല. ഓട്ടോറിക്ഷയെന്ന വ്യക്തിത്വം അതിനു നഷ്ടപ്പെടുകയും ചെയ്യും. അവസാനം രണ്ടുമാകാത്ത സ്ഥിതിയാണുണ്ടാവുക.
ഞാന്‍ മറ്റൊരാളാകാന്‍ ശ്രമിച്ചാല്‍ ഞാന്‍ അയാളാകില്ല. കാരണം, അയാളും ഞാനും തമ്മില്‍ പലനിലയ്ക്കും വ്യത്യാസങ്ങളുണ്ട്. ഒരിക്കലും മാറ്റം വരുത്താന്‍ കഴിയാത്ത വ്യത്യാസങ്ങള്‍. ആ വ്യത്യാസങ്ങള്‍ നിലനില്‍ക്കേ അയാളാകാന്‍ ശ്രമിക്കുക വഴി എനിക്ക് പരമാവധി അയാളുടെ ഡ്യൂപ്പാകാന്‍ കഴിഞ്ഞേക്കും. അതേസമയം എനിക്ക് എന്റെ വ്യക്തിത്വം നഷ്ടപ്പെടുകയും ചെയ്യും. മുഖംമൂടി ധരിച്ചാല്‍ അതാണല്ലോ സ്ഥിതി. ഒരാള്‍ ഒരു മൃഗത്തിന്റെ മുഖംമൂടി ധരിച്ചാല്‍ അയാള്‍ ആ മൃഗമാകില്ല. അയാളുടെ യഥാര്‍ഥ മുഖം മറഞ്ഞുനില്‍ക്കുകയും ചെയ്യും.
ലോകത്ത് എല്ലാ മനുഷ്യരും അസാധാരണക്കാരാണെന്നതാണ് കൗതുകകരമായൊരു വസ്തുത. ആരും മറ്റൊരാളെ പോലെയല്ല. ശാരീരികപ്രകൃതിയിലെന്നപോലെ മാനസികനിലവാരത്തിലും ചിന്താഗതിയിലും അഭിരുചിയിലുമെല്ലാം ഓരോരുത്തരും അതുല്യരാണ്. ആ അതുല്യത തിരിച്ചറിയാതെ ഒരാള്‍ മറ്റൊരാളെ പോലെയായാല്‍ അയാളെ പോലെയാകാന്‍ വേറാരുണ്ടാകും...?
ചക്കയുടെ വലുപ്പം കണ്ടുനോക്കുമ്പോള്‍ മാങ്ങയ്ക്ക് അതേ പോലെയായാല്‍ തരിക്കേടില്ലെന്നു തോന്നി. ചക്കയാകാന്‍ മാങ്ങ തന്നാലാകുന്ന ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. ഇങ്ങനെ സംഭവിച്ചാല്‍ എന്തായിരിക്കും സ്ഥിതി..? ലോകത്തു പിന്നെ മാങ്ങയുണ്ടാകുമോ...? ചക്കയെ അപേക്ഷിച്ച് മാങ്ങയ്ക്ക് വലുപ്പം കുറവാണെങ്കിലും ചക്കയ്ക്കില്ലാത്ത ഗുണങ്ങളല്ലേ മാങ്ങയ്ക്കുള്ളത്. ആ ഗുണങ്ങള്‍ കാണാതെ ചക്കയാകാന്‍ നോക്കിയാല്‍ മാങ്ങയുടെ ഗുണങ്ങള്‍ നഷ്ടപ്പെട്ടുപോകില്ലേ.
ആലോചിച്ചിട്ടുണ്ടോ.. ഓരോരുത്തരും അവരവരാകാന്‍ ശ്രമിച്ചാല്‍ ലോകത്തുണ്ടാകുന്ന മാറ്റങ്ങളെന്തൊക്കെയായിരിക്കും..! എല്ലാവരും ഒന്നിനൊന്നു മെച്ചം.. വിവിധങ്ങളായ കഴിവുകള്‍ പ്രകടിപ്പിക്കുന്നവര്‍. എല്ലാവരും ഓരോരോ പ്രസ്ഥാനങ്ങള്‍. ഇങ്ങനെയൊരു സ്ഥിതിവിശേഷം സംജാതമായാല്‍ ലോകത്തിന്റെ മുഖം തന്നെ മാറിമാറിയുമായിരുന്നു. പക്ഷെ, സംഭവിക്കുന്നത് നേര്‍വിപരീതം. ഓരോരുത്തര്‍ക്കും മറ്റാരൊക്കെയോ ആകാനാണാഗ്രഹം. അതുവഴി അവര്‍ ആരുമാകാതെ പോകുന്നു.
പെണ്ണിനു ആണാകാനും ആണിന് പെണ്ണാകാനുമുള്ള ആഗ്രഹങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്തിന്..? ഓരോരുത്തരും അവരവരുടെ വ്യക്തിത്വത്തില്‍ നിലയുറപ്പിച്ചാല്‍ എന്താണു കുഴപ്പം? ഒരു പെണ്ണിന് ആണിനെപോലെയാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനര്‍ഥം തന്റെ സ്‌ത്രൈണത തനിക്ക് ഇഷ്ടമില്ലെന്നല്ലേ. സ്വന്തത്തെ തന്നെ അപമാനിക്കുന്നതിനു തുല്യമല്ലേ അത്.
ആരെപ്പോലെയുമാകേണ്ടതില്ല. ആ നേരംകൊണ്ട് നമുക്ക് നാമായി മാറാം. അബ്ദുല്‍ കലാമിനെപോലെ അബ്ദുല്‍ കാലം തന്നെയായിട്ടുണ്ട്. ഇനി നിങ്ങളെന്തിന് വേണ്ടാത്തതിനു നില്‍ക്കുന്നു? നിങ്ങളാകേണ്ടത് നിങ്ങള്‍ തന്നെ. നിങ്ങളാകാന്‍ മോഹിക്കുന്ന അബ്ദുല്‍ കലാം ഉണ്ടല്ലോ. അദ്ദേഹത്തേക്കാള്‍ വലിയ മനുഷ്യനായിരിക്കും ഒരുപക്ഷേ നിങ്ങളിലുണ്ടായിരിക്കുക. ആ മനുഷ്യനെയാണ് ലോകം കാണാന്‍ കാത്തുനില്‍ക്കുന്നത്. ആ മനുഷ്യനെ പുറത്തെടുക്കാന്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ കലാമില്‍നിന്നും മറ്റു പ്രതിഭകളില്‍നിന്നും പ്രചോദനങ്ങള്‍ സ്വീകരിക്കാം.
കിട്ടിയതല്ല കിട്ടാത്തതാണ് ലോകത്തിനുവേണ്ടത്. വന്നവരെയല്ല ഇനിയും വരാത്തവരെയാണ് ലോകം കാത്തിരിക്കുന്നത്. വന്നുകഴിഞ്ഞവരെ വീണ്ടും വരുത്തി മടുപ്പിക്കരുത്, പ്ലീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."