രഞ്ജിത്ത് ജോണ്‍സണ്‍ കൊലക്കേസ്: ഏഴുപ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
പ്രതികള്‍ക്ക് 25 വര്‍ഷത്തേക്ക് പരോള്‍ അനുവദിക്കരുതെന്നും കോടതി
കൊല്ലം: കൊറ്റങ്കര പേരൂര്‍ രഞ്ജിത്ത് ജോണ്‍സനെ (40) തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ ഒന്നു മുതല്‍ ഏഴു വരെ പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണനല്ലൂര്‍ വാലിമുക്കിനു സമീപം പുതിയവീട്ടില്‍ മനോജ് (40), പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ രഞ്ജിത്ത് (30), പൂതക്കുളം പാണാട്ടുചിറയില്‍ വീട്ടില്‍ ഉണ്ണി (39), വെറ്റിലത്താഴത്ത് വാടകയ്ക്കു താമസിക്കുന്ന വടക്കേവിള ന്യൂ നഗര്‍ കോണത്തുകാവിനു സമീപം തോട്ടിന്‍കര വീട്ടില്‍ പ്രണവ് (25), ഡീസന്റ്മുക്ക് കോണത്തു വടക്കതില്‍ സ്വദേശി വിഷ്ണു (21), കിളികൊല്ലൂര്‍ പവിത്ര നഗറില്‍ വീനീത മന്ദിരത്തില്‍ വിനേഷ് (38), വടക്കേവിള കൊച്ചുമുണ്ടയില്‍ വീട്ടില്‍ റിയാസ് (30) എന്നിവര്‍ക്കാണ് കൊല്ലം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
പ്രതികള്‍ക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. തെളിവുകളുടെ അഭാവത്തില്‍ കേസിലെ എട്ടാം പ്രതി കിളികൊല്ലൂര്‍ കല്ലുംതാഴം പറങ്കിമാംവിളയില്‍ അജിംഷാ മന്‍സിലില്‍ ബാബുജിയെന്ന അജിംഷാ(37)യെ കോടതി വെറുതെ വിട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് പ്രതികളെല്ലാം. രഞ്ജിത്ത് ജോണ്‍സനെ തട്ടിക്കൊണ്ടു പോയി കൊന്നു നാഗര്‍കോവിലില്‍ കുഴിച്ചുമൂടിയതാണു സംഭവം. തന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി ഒപ്പം പാര്‍പ്പിച്ചതിന്റെ പ്രതികാരമായാണ് ഗുണ്ടാ നേതാവായ മനോജും കൂട്ടാളികളും ചേര്‍ന്നു രഞ്ജിത്തിനെ വക വരുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ഒന്‍പത് വര്‍ഷം മുന്‍പാണ് മനോജിന്റെ ഭാര്യ രണ്ടു മക്കളെയും ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം ഇറങ്ങിപ്പോയത്. രഞ്ജിത്തും മുഖ്യപ്രതി മനോജും സുഹൃത്തുകളുമായിരുന്നു. ഈ സംഭവത്തിനു ശേഷം മനോജിനെയും കൂട്ടാളികളേയും ഭയന്നു ഒതുങ്ങിക്കൂടി ജീവിക്കയായിരുന്നു രഞ്ജിത്ത്. മനോജില്‍ നിന്നു വധഭീഷണിയുണ്ടെന്നു മനസിലാക്കിയ രഞ്ജിത്ത് വീട്ടിനു പുറത്തിറങ്ങുന്നതുതന്നെ വിരളമായിരുന്നു. മുന്തിയ ഇനം പ്രാവുകള്‍, മുയലുകള്‍ എന്നിവയുടെ ബിസിനസ് നടത്തിവരികയായിരുന്നു. വീടുവിട്ടു പുറത്തിറങ്ങാത്ത രഞ്ജിത്തിനെ തന്റെ സുഹൃത്തുക്കളെ ഉപയോഗിച്ച് പ്രാവിനെ വാങ്ങാനെന്ന വ്യാജേന വീട്ടില്‍ നിന്നു പുറത്തിറക്കിയ ശേഷമാണു തട്ടിക്കൊണ്ടു പോയി കൊല നടത്തിയത്. കാറില്‍ തട്ടിക്കൊണ്ടുപോയ രഞ്ജിത്തിനെ ചാത്തന്നൂര്‍ പോളച്ചിറ ഏലായില്‍ എത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം മൃതദേഹം തിരുനെല്‍വേലിക്ക് സമീപം സമുന്താപുരം പൊന്നക്കുടി എന്ന സ്ഥലത്ത് കുഴിയില്‍ മൃതദേഹം കൊണ്ടിട്ട ശേഷം മണ്ണിട്ടു മൂടി. മകനെ കാണാനില്ലെന്നു കാട്ടി രഞ്ജിത്തിന്റെ അമ്മ ട്രീസ ജോണ്‍സണ്‍ കിളികൊല്ലൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഉണ്ണിയില്‍ നിന്നു ലഭിച്ച വിവരങ്ങളാണ് കൊലയ്ക്ക് പിന്നിലെ ചുരുളഴിച്ചത്. 2018 ഓഗസ്റ്റ് 15നായിരുന്നു രഞ്ജിത്ത് ജോണ്‍സണെ കാണാതായത്.
കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, മാരകമായി മുറിവേല്‍പിക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 63 പേരെ വിസ്തരിച്ചു. പ്രതികള്‍ക്കെതിരേ 225 രേഖകളും 26 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഫോറന്‍സിക് വിഭാഗത്തിലെ 10 ഉദ്യോഗസ്ഥരെയും കേസുമായി ബന്ധപ്പെട്ടു വിസ്തരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."