മട്ടാഞ്ചേരി മേഖലയില്‍ കുടിവെള്ള വിതരണം സ്തംഭിച്ചു മിക്കയിടങ്ങളിലും ലഭിക്കുന്നത്
മട്ടാഞ്ചേരി: മട്ടാഞ്ചേരി മേഖലയില്‍ പലയിടങ്ങളിലും കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങളായിട്ടും പരിഹാരം കാണാതെ അധികൃതര്‍ നിസംഗത തുടരുമ്പോള്‍ ജനം ദാഹജലത്തിനായി നെട്ടോട്ടമോടുന്നു.നെല്ല് കടവ്,ചിറളായിക്കടവ്,പുതിയ റോഡ്,കുന്നുംപുറം തുടങ്ങിയ ഭാഗങ്ങളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുടിവെള്ള വിതരണം മുടങ്ങിയിട്ട്.
തേവരയില്‍ പൈപ്പ് പൊട്ടിയതിനാല്‍ അറ്റകുറ്റ പണികള്‍ നടത്തുകയാണെന്ന മുടന്തന്‍ ന്യായങ്ങളാണ് അധികൃതര്‍ ജനങ്ങളോട് പറയുന്നത്.രാവിലെയും വൈകിട്ടുമാണ് ഈ മേഖലയില്‍ പമ്പിംഗ് നടക്കുന്നത്.എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ത്രീകള്‍ കാലി കുടവുമായി മടങ്ങുന്ന അവസ്ഥയാണ്.പാചകത്തിന് പോലും വെള്ളം ലഭിക്കാതായതോടെ ജനം ഏറെ ദുരിതത്തിലാണ്.ഇതിനിടയില്‍ കുടിവെള്ളം ലഭിക്കുന്നയിടങ്ങളിലാകട്ടെ പൊതു ടാപ്പിലൂടെ വരുന്നത് മാലിന്യം കലര്‍ന്ന ജലവും മഞ്ഞ നിറത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന രീതിയിലാണ് പലയിടങ്ങളിലും വെള്ളം വരുന്നത്. ഫോര്‍ട്ടുകൊച്ചി, തോപ്പുംപടി, മുണ്ടംവേലി മേഖലകളില്‍ കഴിഞ്ഞ മൂന്ന് ദിനങ്ങളിലായി ലഭിക്കുന്നത് മലിനജലമെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു .'കുടിവെള്ള വിതരണ കുഴലുകളിലെ തകരാറുകളും കനാലുകള്‍ക്ക് കുറുകെയുള്ള കുഴലുകളും മലിനജലം കലരുവാനിടയാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. രാവിലെയും വൈകുന്നേരവുമുള്ള നിശ്ചിത സമയ പമ്പിങ്ങില്‍ ജനം കുടിവെള്ളത്തിനായി കാത്തിരിക്കു മ്പോഴാണ് ജല അതോറിറ്റി മലിന ജനം വിതരണം ചെയ്യുന്നത്.
ഈ മേഖലയില്‍ പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രുക്ഷമാകുന്നതിനിടയിലാണ് ലഭ്യമാകുന്ന ജലം മലിനമാകുന്നത് ' മലിനജല ലഭ്യതയുടെ കാരണങ്ങളെന്തെന്ന് വ്യക്തമാക്കാന്‍ ജല അതോറിറ്റി അധികൃതര്‍ തയ്യാറായിട്ടില്ല.
പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതു ടാപ്പിലൂടെ മലിനജലം വരുന്നത് ഏറെ ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.കുടിവെള്ളം ലഭിക്കാത്ത സാഹചര്യത്തിലും വരുന്ന ജലം മലിനമായ അവസ്ഥയിലും പകരം സംവിധാനമുണ്ടാക്കാന്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ തയ്യാറാകാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.ടാങ്കര്‍ ലോറിയിലെ കുടിവെള്ള വിതരണവും ഇവിടെ നടക്കുന്നില്ല. കുടിവെള്ള പൈപ്പുകളിലൂടെയുള്ള മലിനജല വിതരണത്തിനെതിരെ ജനകീയ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും ജനകീയസമരത്തിനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."