കുവൈത്ത് അമീറിന്റെ വിയോഗം; നഷ്ടമായത് ഗള്‍ഫ് മേഖലയിലെ സമാധാന ദൂതനെ
ഗള്‍ഫ് മേഖലയിലെ സമാധാന ദൂതനായിട്ടാണ് കുവൈത്ത് അമീര്‍ സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് അറിയപ്പെടുന്നത്. എപ്പോഴെല്ലാം ഗള്‍ഫ് മേഖല അശാന്തിയില്‍ മുങ്ങിയോ, ഭിന്നതയില്‍ ഉലഞ്ഞുവോ ആ സമയത്തെല്ലാം മധ്യസ്ഥനായും കാരണവരായും എത്തിയ രാഷ്ട്രനേതാവാണ് ശൈഖ് സബാഹ്. ഗള്‍ഫ് മേഖലയ്ക്ക് തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.
ഏറ്റവും ഒടുവില്‍ ഖത്തറിനെതിരെ ഉപരോധമുണ്ടായ വേളയില്‍ സമവായ ശ്രമവുമായി ആദ്യം മുന്നിട്ടിറങ്ങിയത് കുവൈത്ത് അമീര്‍ ആയിരുന്നു. ഒട്ടേറെ തവണ അദ്ദേഹം സഊദി സഖ്യവുമായും ഖത്തര്‍ നേതൃത്വവുമായി ചര്‍ച്ച നടത്തി. പക്ഷേ, ആ ശ്രമങ്ങള്‍ ഫലം കണ്ടില്ല. അസുഖ ബാധിതനായി അമേരിക്കയിലേക്ക് ചികില്‍സക്ക് പോകുന്നതിന് മുമ്പ് പോലും അദ്ദേഹം സമാധാന ശ്രമങ്ങള്‍ നടത്തിയിരുന്നു.
യൂറോപ്പിലെ പഠന ശേഷം തിരിച്ചെത്തി 25ാം വയസില്‍ കുവൈത്ത് തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ മേധാവിയായി. കുവൈത്തിന്റെ ആദ്യ സാംസ്‌കാരിക പ്രസിദ്ധീകരണമായ അല്‍ അറബി തുടങ്ങിയത് ശൈഖ് സബാഹ് സര്‍ക്കാര്‍ പ്രസിദ്ധീകരണ മേധാവിയായിരിക്കുമ്പോഴാണ്. വാര്‍ത്താ വിതരണ മന്ത്രി, വിദേശകാര്യ മന്ത്രി എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്ത ശൈഖ് സബാഹ് 2003ലാണ് കുവൈത്തിന്റെ പ്രധാനമന്ത്രിയായത്. 40 വർഷത്തിലേറെ കുവൈത്ത് വിദേശകാര്യ മന്ത്രിയും 14 വർഷത്തിലേറെ കുവൈത്ത് അമീറുമായിരുന്ന അദ്ദേഹം.
1963ല്‍ വിദേശകാര്യ മന്ത്രിയായ അദ്ദേഹമാണ് കുവൈത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഈ പദവി വഹിച്ച വ്യക്തി. ലോകത്ത് തന്നെ ഇത്രയും കാലം വിദേശകാര്യ മന്ത്രിയായ വ്യക്തി ഇല്ല. ലോകരാജ്യങ്ങൾക്കിടയിലെ സമാധാന ദൂതനായാണ് അറിയപ്പെടുന്നത്. കുവൈത്തിൽ എറ്റവും അധികം പ്രവാസികളുള്ള ഇന്ത്യയുമായി മികച്ച ബന്ധം അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നു.
ആധുനിക കുവൈത്തിൻ്റെ വളർച്ചയിൽ ശൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹിനെ മാറ്റി നിർത്തി ചരിത്രം എഴുതാനാവില്ല. ഇറാഖ് കുവൈത്തിനെ ആക്രമിച്ച ശേഷം ഇന്ന് കാണുന്ന രാജ്യത്തിൻ്റെ പുരോഗതിയിലും അദ്ദേഹത്തിൻ്റെ കൈയൊപ്പുണ്ട്. അതുകൊണ്ടു തന്നെ ഐക്യരാഷ്ട്ര സഭ 2014ല്‍ കുവൈത്ത് അമീറിന് മാനുഷിക സേവനത്തിന്റെ ലോക നായക പട്ടം നല്‍കി ആദരിച്ചു. 10 ദിവസം മുമ്പ് ശൈഖ് സബാഹിന് അമേരിക്കന്‍ പ്രസിഡന്റിന്റെ ദി ലിജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്റര്‍ എന്ന ബഹുമതിയും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."