ആവേശത്തുഴയെറിയാന്‍ ഉത്തരമലബാര്‍ ഒരുങ്ങുന്നു
ചെറുവത്തൂര്‍: തുഴച്ചിലുകാരെയും വള്ളംകളി പ്രേമികളെയും ആവേശക്കൊടുമുടിയേറ്റാന്‍ ഉത്തരമലബാറില്‍ ഇത്തവണ അഞ്ചു ജലോത്സവങ്ങള്‍ അരങ്ങേറും. പൊലിമയോടെ വള്ളം കളി മത്സരം സംഘടിപ്പിക്കാന്‍ സംഘാടകര്‍ ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ ആവേശത്തുഴയെറിയാന്‍ ടീമുകളും തയാറെടുപ്പിലാണ്. കഴിഞ്ഞ വര്‍ഷത്തെ മത്സരങ്ങള്‍ക്കു ശേഷം വള്ളപ്പുരകളിലേക്കു കയറ്റി വച്ച വള്ളങ്ങളുടെയെല്ലാം അറ്റകുറ്റപ്പണികള്‍ അവസാന ഘട്ടത്തിലെത്തി. മഴ അല്‍പമൊന്നു കുറഞ്ഞാല്‍ തേജസ്വിനിപ്പുഴയില്‍ പരിശീലനത്തുഴച്ചിലിന്റെ ആരവമുയരും.
കാര്യങ്കോട് പുഴയിലെ ഉത്തരമലബാര്‍ ജലോത്സവത്തിനു പുറമേ കുപ്പം മംഗലശേരി, നാറാത്ത്, കവ്വായി, ഇരിണാവ് മടക്കര എന്നിവിടങ്ങളിലും ഈ സീസണില്‍ മത്സരങ്ങള്‍ നടക്കും. ഓണക്കാലത്തു നാലു മത്സരങ്ങള്‍ നടക്കുമ്പോള്‍ കാര്യങ്കോട്ടെ ഉത്തരമലബാര്‍ ജലോത്സവം ഗാന്ധിജയന്തി ദിനത്തിലാണു നടക്കുക. മത്സരങ്ങള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായാണു നടക്കുന്നതെങ്കിലും ഒന്നൊഴികെ മറ്റെല്ലാ ടീമുകളും കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നുമാണ് എത്തുക. കുപ്പം മംഗലശേരി മാത്രമാണ് കണ്ണൂര്‍ ജില്ലയിലെ തുഴച്ചില്‍ ടീം.
തേജസ്വിനിക്കരയില്‍ ഒന്‍പതോളം ടീമുകളുണ്ട്. വള്ളവും വള്ളംകളിയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പ്രദേശങ്ങളില്‍ നിന്നാണ് ഓരോ ടീമും എത്തുന്നത്. അതിനാല്‍ വവിജയംനേടുക എന്നത് ഓരോ ദേശക്കാരുടെയും വാശികൂടിയാണ്. ആദ്യകാലങ്ങളില്‍ വക്കത്തോണിയിലായിരുന്നു മത്സരമെങ്കില്‍ ഇപ്പോള്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിക്കുന്ന ചുരുളന്‍ വള്ളങ്ങളിലാണ് എല്ലാ ടീമുകളും മത്സരത്തിനിറങ്ങുന്നത്. അതുകഴിഞ്ഞാല്‍ കഠിന പരിശീലനമാണ്.
നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിവിധ ക്ലബുകള്‍ക്ക് വേണ്ടി തുഴയാനും ചെറുവത്തൂരില്‍ നിന്നു തുഴച്ചിലുകാര്‍ പോകാറുണ്ട്. എടത്വ വില്ലേജ് ബോട്ട് ക്ലബിനു വേണ്ടി ഇത്തവണ തൊണ്ണൂറു തുഴച്ചിലുകാര്‍ ഇവിടെ നിന്നു പോകുന്നുണ്ട്. ഇവിടെ നിന്നുള്ള പരിശീലനവും തന്ത്രങ്ങളും കൂടി ഇത്തവണത്തെ ജലോത്സവങ്ങളില്‍ തുഴച്ചിലുകാര്‍ക്കു മുതല്‍ക്കൂട്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."