മുല്ലപ്പള്ളിക്കെതിരേ ഹൈക്കമാന്‍ഡിന് പരാതി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ എം.പിമാര്‍ ഹൈക്കമാന്‍ഡിനു പരാതി നല്കി. യു.ഡി.എഫ് മുന്നണി നേതാക്കളും ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്. പിന്നാലെ എം.പിമാരുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നല്കുന്ന കെ. മുരളീധരന് എം.പിയും മുല്ലപ്പള്ളി രാമചന്ദ്രനും പരസ്യപ്രസ്താവനകളിലൂടെ ഏറ്റുമുട്ടി.
കരുണാകരന്റെ സഹായംകൊണ്ടു വന്നവര്‍ കരുണാകരനോട് നന്ദികേട് കാണിച്ചതുപോലെ താന്‍ ഒരിക്കലും മുല്ലപ്പള്ളിയോട് കാണിക്കില്ലെന്നു കെ. മുരളീധരന് തുറന്നടിച്ചു.
കരുണാകരന്റെ പ്രതിപുരുഷനായിട്ടാണ് താന്‍ കെ. മുരളീധരനെ കാണുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും തിരിച്ചടിച്ചു.മുതിര്‍ന്ന നേതാക്കളെയും ജനപ്രതിനിധികളെയും ഭീഷണിപ്പെടുത്തി ഏകാധിപത്യ ശൈലി സ്വീകരിക്കുന്ന മുല്ലപ്പള്ളി സ്വയം മാറിയില്ലെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റണമെന്നാണ് എം.പിമാരുടെ കൂട്ടായ്മ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടത്. മുന്നണി നേതൃത്വവുമായി കൂടിയാലോചിക്കേണ്ട വിഷയങ്ങള്‍പോലും സ്വയം തീരുമാനിക്കുകയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ലെന്നാണ് മുന്നണി നേതാക്കളുടെ പരാതിയും.
മുല്ലപ്പള്ളിക്കെതിരേ ഹൈക്കമാന്‍ഡില്‍ പരാതിപ്രളയമായതോടെ വിഷയം കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് വിട്ടു. അടുത്ത ദിവസങ്ങളില്‍തന്നെ മുല്ലപ്പള്ളിയുമായും പരാതിക്കാരുമായും സോണിയ ഗാന്ധി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച് തര്‍ക്കം തീര്‍ക്കുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."