എം.എല്‍.എയുടെ പാര്‍ക്കിലെ അനധികൃത നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ പാര്‍ക്കിലെ അനധികൃത നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ്. ഉരുള്‍പൊട്ടിയതിന്റെ തെളിവ് നശിപ്പിക്കാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചും കോണ്‍ക്രീറ്റ് ഭിത്തി കെട്ടിയും പാര്‍ക്ക് അധികൃതര്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
പാര്‍ക്കിലെ മണ്ണിടിഞ്ഞ സ്ഥലം ജില്ലാ കലക്ടര്‍ യു.വി ജോസും സംഘവും ഇന്നലെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ സ്ഥലത്ത് നിര്‍മാണപ്രവൃത്തികള്‍ പാടില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശവും നിലവിലുണ്ട്. പാര്‍ക്കിനെക്കുറിച്ച് പഠിച്ച് വിദഗ്ധ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് ജില്ലാതല അതോറിറ്റി നേരത്തേ അഭ്യര്‍ഥിച്ചിരുന്നു. ഇത് ഉടന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അനുവദനീയമല്ല. പാര്‍ക്കിന്റെ പരിസരത്ത് ജലസംഭരണം പാടില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ പാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജില്ലാതല അതോറിറ്റി നിര്‍ദേശിച്ചു.
ജില്ലയില്‍ അനുമതിയുള്ള ക്വാറികളുടെ പ്രവര്‍ത്തനം ജില്ലാ വികസന സമിതിയുടെ തീരുമാനപ്രകാരം തുടരും. പരാതികളുള്ള മേഖലകളില്‍ പരിശോധന നടത്തുന്നതിന് സബ് കലക്ടറെ ചുമതലപ്പെടുത്തി. പുതിയ ക്വാറികള്‍ക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ പരിഗണിക്കില്ലെന്നും കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ. റംല, റീജ്യനല്‍ ടൗണ്‍ പ്ലാനര്‍ അബ്ദുല്‍ മാലിക്, അസി. കലക്ടര്‍ കെ.എസ് അഞ്ജു, ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫിസര്‍ രജീഷ്, പ്രിന്‍സിപ്പില്‍ കൃഷി ഓഫിസര്‍ ലീന, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, അസി.പൊലിസ് കമ്മിഷണര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."