ഫാസില്‍(18)- സമരവീര്യത്തിന്റെ മറ്റൊരു പേര്
തിരൂരങ്ങാടി: മുഹമ്മദ് ഫാസില്‍ വി.പി അഥവാ പോരാട്ടം. ഒറ്റവാക്കില്‍ ഇങ്ങനെ നിര്‍വ്വചിക്കാം നമുക്കീ പതിനെട്ടുകാരനെ. ചക്രക്കസേരയിലിരുന്നു തനിക്കു ചുറ്റുമുള്ള അനീതികളോട് സന്ധിയില്ലാ സമരം നടത്തി ഒടുവില്‍ ആ പോരാട്ട വീര്യം ഒട്ടും തണുക്കാതെ അവന്‍ യാത്രയായിരിക്കുന്നു. അനീതികളില്ലാത്ത ലോകത്തേക്ക്.
വാക്കുകളായിരുന്നു ഫാസിലിന്റെ സമരായുധം. സോഷ്യല്‍ മീഡിയാ ചുമരുകളായിരുന്നു സമരമുഖം. ഭിന്ന ശേഷിക്കാരുടെ അവകാശങ്ങള്‍ മുതല്‍ നാട്ടിലെ ഓരോ പ്രശ്‌നത്തിലും ഈ ചെറുപ്പക്കാരന്‍ തന്റെ നിലപാടറിയിച്ചു. ഈ കുഞ്ഞു പ്രായത്തില്‍ വായിക്കുന്നവരെ അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു ഓരോ വിഷയത്തിലുമുള്ള ഫാസിലിന്റെ ഇടപെടല്‍. വായനക്കാരും ഏറെയായിരുന്നു അവന്റെ കുറിപ്പുകള്‍ക്ക്. അവന്റെ പല കുറിപ്പുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ചങ്കൂറ്റത്തോടെ തനിക്കു ചുറ്റുമുള്ള നിഷേധങ്ങള്‍ക്കെതിരെ അവന്‍ കലഹിച്ചു. ഐ ആം എ മുസ്‌ലിം എന്നാണ് അവന്റെ ഇന്‍ട്രോ.
ലോഫ്‌ളോര്‍ ബസുകളില്‍ വീല്‍ചെയറിനുള്ള സൗകര്യം എടുത്തു കളഞ്ഞതിനെതി ഫാസില്‍ നടത്തിയ ഇടപെടല്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഗതാഗത മന്ത്രിക്കും മുഖ്യമന്ത്രിക്കും ഫാസില്‍ ഈ വിഷയത്തില്‍ കത്തുകളയച്ചു.
'കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം നികത്താന്‍ വേറെയും നൂറ് നൂറ് പോംവഴികള്‍ ഉള്ളപ്പോള്‍ ഞങ്ങളുടെ സ്ഥലം എന്തിനാണ് സാര്‍ കവര്‍ന്നെടുക്കുന്നത്. വെറുമൊരു റാമ്പും ഇത്തിരി സ്ഥലവുമല്ല സാര്‍ അത്, ഞങ്ങളുടെ സ്വപ്നങ്ങളാണ്, ഞങ്ങളുടെ പ്രതീക്ഷകളാണ്. ഒരുപാട് കാലം ജനലുകളും വാതിലുകളും ഉണ്ടായിട്ടും നാലു ചുവരുകള്‍ക്കുള്ളില്‍ ഒത്തുക്കപ്പെട്ടവര്‍ ആയിരുന്നു സാര്‍ ഞങ്ങള്‍. ഞങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ നീലകാശങ്ങളിലേക്ക് വാതില്‍ തുറന്ന ഒന്നായിരുന്നു സാര്‍ ഈ ബസ് സൗകര്യം. ഞങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം. ഞങ്ങളുടെ അന്തസ്സും അഭിമാനവുക്കെയായിരുന്നു ഈ ബസ്' - ഫാസില്‍ മുഖ്യമന്ത്രിക്കയച്ച വാക്കുകളായിരുന്നു ഇത്.
തിങ്കളാഴ്ച്ച രാത്രിയായിരുന്നു ഫാസിലിന്റെ മരണം. പനിയും ശ്വാസതടസ്സവുമായി കുറച്ചു ദിവസം വിശ്രമത്തിലായിരുന്നു ഫാസില്‍. എങ്കിലും മരിക്കുന്നതിന്റെ തലേന്നാള്‍ തലേന്നാള്‍ വരെ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഗ്രീന്‍പാലിയേറ്റിവിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഫാസില്‍. ഗ്രീന്‍പാലിയേറ്റിവിന്റെ 'പെരുന്നാക്കോടി' ക്കു വേണ്ടിയുള്ള കുറിപ്പാണ് ഫാസില്‍ അവസാനമായി ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
മലപ്പുറം ജില്ലയിലെ വെളിമുക്കില്‍ വാല്‍പറമ്പില്‍ മുഹമ്മദ് അശ്‌റഫിന്റെയും ഹഫ്‌സത്തിന്റെയും രണ്ടാമത്തെ മകനായിരുന്നു ഫാസില്‍. ആറാം വയസ്സിലാണ് മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന അസുഖത്തിന്റെ രൂപത്തില്‍ രൂപത്തില്‍ വിധി ഫാസിലിന്റെ കാലടികളെ മായ്ച്ചു കളഞ്ഞത്. അഞ്ചു വര്‍ഷം മുമ്പ് ജ്യേഷ്ഠനും ഇതേ അസുഖമായിരുന്നു. ചികിത്സകള്‍ പലതും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആറര വയസ്സ് ആയപ്പോഴേക്കും പൂര്‍ണമായും വീല്‍ചെയറിലേക്ക് മാറ്റപ്പെട്ടു. കൈകാലുകളുടെ ശേഷി നഷ്ടപ്പെട്ടു. രോഗത്തിന് ചികിത്സയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ആകെയുള്ളത് നിലവിലുള്ള അവസ്ഥ ഏറെക്കുറേ പിടിച്ചുനിര്‍ത്താന്‍ ഫിസിയോതെറാപ്പി മാത്രം. അനിയന്‍ ഫവാസിനെയും പിടികൂടിയിട്ടുണ്ട് ഈ രോഗം. ഒമ്പതാം വയസ്സില്‍ പാലക്കല്‍ വി ജെ പള്ളി എ എം എല്‍ പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ ചേര്‍ന്നു ഫാസില്‍ വീണ്ടും പഠനം പുനരാരംഭിച്ചു. മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്നു. എട്ടും ഒമ്പതും കഴിഞ്ഞു ഫുള്‍ എ പ്ലസ് നേടി എസ് എസ് എല്‍ സിയും പാസ്സായി. അതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ഫാസില്‍. ഐ.എ.എസായിരുന്നു ഫാസിലിന്റെ ലക്ഷ്യം.
യാത്രകള്‍ ഏറെ ഇഷ്ടമായിരുന്നു. 2015 ഡിസംബറില്‍ ഇലക്‌ട്രോണിക് വീല്‍ചെയര്‍ ലഭിച്ചതോടെ മുഴുസമയ കറക്കക്കാരനായി ഫാസില്‍. തന്റെ യാത്രകളിലെ കാഴചകള്‍ രസകരമായി ഫേസ്ബുക്കില്‍ പങ്കുവെക്കാറുമുണ്ടായിരുന്നു അവന്‍. കൂട്ടുകാരുമുണ്ടാവും എപ്പോഴും കൂട്ടിന്. എല്ലാം പറയുമായിരുന്നിട്ടും ഒന്നും മിണ്ടാതെ അവസാനയാത്ര പോയ്ക്കളഞ്ഞതിന്റെ സങ്കടത്തിലാണ് അവന്റെ ചങ്ങാതിക്കൂട്ടം.
കുഞ്ഞുപ്രായത്തിനിടെ അവന്‍ ലോകത്തിനു പകര്‍ന്നു നല്‍കിയത് ഏറെയാണ്. ഉടലല്ല, ഉയിരാണ് പ്രധാനം. ആകാരമല്ല ജീവിതത്തെ ഇവിടെ അടയാളപ്പെടുത്തുന്നത്, ചെയ്തികളാണ്. ഈ വിശാലമായ ലോകത്തില്‍ തന്റേതായ ഇടം വ്യക്തമായി അടയാളപ്പെടുത്തിയാണ് അവന്‍ പോയിരിക്കുന്നത്. ഇനി വരുന്നൊരു തലമുറക്ക് പ്രചോദനമായി, പഠിക്കാനായി തന്റെ നാളുകളെ അവന്‍ ഇവിടെ ബാക്കിയാക്കിയിരിക്കുന്നു....ഒരു ബിഗ് സല്യൂട്ട് ധീരനായ പോരാളിക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."