ദ്യോകോവിച്ച് - ഡെല്‍പോട്രോ ഫൈനല്‍
ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ യു.എസ് ഓപ്പണ്‍ ജേതാവുമായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ സെമിഫൈനലില്‍ പരുക്കേറ്റ് പിന്മാറിയതോടെ യു.എസ് ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ നൊവാക്ക് ദ്യോകോവിച്ച് അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ നേരിടും.
2009ലെ യു.എസ് ഓപ്പണിന് ശേഷം ഇതാദ്യമായാണ് ഡെല്‍പോട്രോ ഒരു ഗ്രാന്‍ഡ്‌സാം ഫൈനലിലെത്തുന്നത്. 2009 ലെ യു.എസ് ഓപ്പണ്‍ ഫൈനലില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ച് ചാംപ്യനായ താരമാണ് ഡെല്‍പോട്രോ. ഡെല്‍പോട്രോയ്‌ക്കെതിരേ രണ്ടു സെറ്റുകള്‍ക്ക് പിന്നിട്ടുനില്‍ക്കവെയായിരുന്നു നദാലിന്റെ പിന്മാറ്റം. ആദ്യ സെറ്റ് 7-6(3) എന്ന നിലയിലും രണ്ടാം സെറ്റ് 6-2 എന്ന നിലയിലും നദാല്‍ തോറ്റിരുന്നു. വലതു കാല്‍മുട്ടില്‍ വേദന വന്നതോടെ താരം പിന്മാറി. കടുത്ത വേദനയോടെയാണ് കളിച്ചിരുന്നതെന്നും കളി ഏകപക്ഷീയമായി മാറുന്നതുകണ്ടാണ് പിന്മാറിയതെന്നും മത്സരശേഷം നദാല്‍ പറഞ്ഞു. സമീപകാലത്ത് മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരുന്ന താരത്തിന്റെ പിന്മാറ്റം ആരാധകരെ നിരാശരാക്കി.
ഈ വര്‍ഷത്തെ റോജേഴ്‌സ് കപ്പ് കിരീടം നദാലായിരുന്നു നേടിയിരുന്നത്.
2014ലെ യു.എസ് ഓപ്പണ്‍ രണ്ടാം സ്ഥാനക്കാരനായ ജാപ്പനീസ് താരം കെയ് നിഷികോരിയെ തോല്‍പ്പിച്ച ദ്യോക്കോവിച്ചിന് ഇതോടെ യു.എസ് ഓപ്പണ്‍ ചാംപ്യനാകാനുള്ള സാധ്യതയേറി. വനിതാ വിഭാഗത്തില്‍ ഫൈനലില്‍ കടന്ന് ചരിത്രമായ നവോമി ഒസാക്കയ്‌ക്കൊപ്പം മറ്റൊരുനേട്ടം ലക്ഷ്യമാക്കിയിറങ്ങിയ നിഷികോരിക്ക് പക്ഷേ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. 6-3, 6-2, 6-4 എന്ന നിലയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ദ്യോകോവിച്ച് എതിരാളിയെ കീഴടക്കി.
മൂന്നാം യു.എസ് ഓപ്പണ്‍ കിരീടത്തിനും 14ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തിനുമായാണ് ദ്യോകോവിച്ച് ഞായറാഴ്ച കളത്തിലിറങ്ങുന്നത്. എട്ടു തവണ യു.എസ് ഓപ്പണ്‍ ഫൈനലിലെത്തിയ ദ്യോകോവിച്ചിന് രണ്ട് കിരീടം മാത്രമാണ് നേടാനായത്. 2011 ല്‍ റാഫേല്‍ നദാലിനെയും 2015ല്‍ റോജര്‍ ഫെഡററെയുമാണ് ദ്യോകോവിച്ച് യു.എസ് ഓപ്പണ്‍ ഫൈനലില്‍ പരാജയപ്പെടുത്തിയത്. ഇന്ന് രാത്രി 1.30നാണ് ഫൈനല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."