കുന്ദമംഗലം റേഞ്ച് എക്സൈസ് ഓഫിസ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റും
കുന്ദമംഗലം: ഒന്നാംഘട്ടം നിര്‍മാണം പൂര്‍ത്തിയായ കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന് മുന്പില് കൂട്ടിയിട്ട വിവാദമായ മണ്ണ് എടുത്തു മാറ്റി. പ്രളയത്തില്‍ വെള്ളം കയറി പ്രവര്‍ത്തനം നിലച്ച കുന്ദമംഗലം റെയിഞ്ച് എക്സൈസ് ഓഫിസ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാന്‍ തീരുമാനം.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടക്കുന്നത് കാരണം പൂര്‍ത്തിയായ മിനി സിവില്‍ സ്റ്റേഷന് ഉദ്ഘാടനം രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം നടത്തും. മിനി സിവില്‍ സ്റ്റേഷന് ഉദ്ഘാടനത്തിന് മുന്നോടിയായി ഒന്നാംഘട്ട പ്രവര്‍ത്തി പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ഇരു നിലകളിലും ഓഫിസുകള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി വൈദ്യുതി കണക്ഷന് ലഭ്യമായാല്‍ ഉടന്‍ തന്നെ എക്സൈസ് ഓഫിസ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റും. വൈദ്യുതി കണക്ഷന് ലഭ്യമാക്കുന്നതിന് വേണ്ട പ്രവൃത്തി അവസാന ഘട്ടത്തിലാണ്. 15ന് മുന്‍പായി വൈദ്യുതി കണക്ഷന് ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുന്ദമംഗലം റേഞ്ച് എക്സൈസ് ഓഫിസ് കെട്ടിടം ഇത്തവണത്തെ വെള്ളപ്പൊക്കത്തില്‍ മുങ്ങി പോവുകയും തൊണ്ടി സാധനങ്ങളും ഫയലുകളും നശിച്ചിരുന്നത് സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് എക്സൈസ് ഓഫിസിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന് പി.ടി.എ റഹീം എം.എല്‍.എയുടെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍ ചാത്തമംഗലം പഞ്ചായത്തില്‍ സബ് രജിസ്റ്റര്‍ ഓഫിസിന് സമീപം റവന്യൂ വകുപ്പിന്റെ 10 സെന്റ് സ്ഥലത്ത് എക്സൈസ് റെയിഞ്ച് ഓഫിസ് നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. കെട്ടിടം നിര്‍മിക്കാന്‍ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിച്ച് വരികയാണ്.
ഈ കെട്ടിട നിര്‍മാണം പൂര്‍ത്തിയാവാന്‍ സമയമെടുക്കുമെന്നത് കൊണ്ടാണ് താല്‍ക്കാലികമായി മിനി സിവില്‍ സ്റ്റേഷനില്‍ എക്സൈസ് ഓഫിസിന് നേരത്തെ അനുവദിച്ച സ്ഥലം നല്കാന് തീരുമാനിച്ചിട്ടുള്ളത്. ഈ മാസം തന്നെ പുതിയ എക്സൈസ് ഓഫിസിന്റെ ഉദ്ഘാടനം നടത്താനാണ് നീക്കം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."