അപകടങ്ങള്‍ പതിവായ ചിറക്കല്‍ കായലിനു സമീപം നാട്ടുകാര്‍ വേലി കെട്ടി
പള്ളുരുത്തി: ചിറക്കല്‍ കായലും ജി.സി.ഡി.എയുടെ മത്സ്യ ഫാമിനും മദ്ധ്യത്തിലൂടെയുള്ള റോഡിലെ വളവില്‍ അപകടങ്ങള്‍ പതിവായതോടെ നാട്ടുകാര്‍ താല്കാലിക സംരക്ഷണ വേലി കെട്ടി മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ചിറക്കല്‍ കായലിലേക്ക് ഒരു കാറും ഓട്ടോറിക്ഷയും വീണിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയാണ് ഇരു വാഹനത്തിലേയും യാത്രക്കാരെ രക്ഷിച്ചത്.
കായലിനും, അക്വാ ഫാമിനും പാര്‍ശ്വഭിത്തികള്‍ കെട്ടണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യപെടുന്നുണ്ടെങ്കിലും അധികൃതര്‍ ചെവികൊള്ളുന്നില്ല.
മരടില്‍ തോട്ടിലേക്ക് സ്കൂള്‍ വാന്‍ മറിഞ്ഞു വീണുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മിഷനും ഇവിടെ പാര്‍ശ്വഭിത്തികള്‍ കെട്ടി സംരക്ഷണമൊരുക്കണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും നടപടികള്‍ ആയില്ല. ഇതേ തുടര്‍ന്നാണ് ഈസ്റ്റ് മുണ്ടംവേലി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക വേലി കെട്ടി മുന്നറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചത്.
രാത്രി തെരുവുവിളക്കുകള്‍ ഇല്ലാത്തതാണ് രാത്രി കാലങ്ങളില്‍ ഇവിടെ അപകടത്തിന് ഇടയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."