ജാതി സര്‍ട്ടിഫിക്കറ്റില്ല; 'കാക്കാല' കുടുംബങ്ങള്‍ ആശങ്കയില്‍
കോലഞ്ചേരി: ജാതി സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ കുട്ടികളുടെ പഠനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ മുപ്പത്തിയാറ് കുടുംബങ്ങള്‍ ആശങ്കയില്‍. പൂതൃക്ക പഞ്ചായത്തില്‍പ്പെട്ട പത്താംമൈല്‍ വടയമ്പാടി രണ്ട്, മൂന്ന് വാര്‍ഡുകളില്‍ താമസിക്കുന്ന കൂലിപ്പണിക്കാരായ കാക്കാല വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കാണ് ഈ ദുരവസ്ഥ. പത്താം ക്ലാസുകളില്‍ പട്ടികജാതിക്കാരെന്ന പരിഗണനയില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റ് ലഭിക്കാറുണ്ടെങ്കിലും അത് കഴിഞ്ഞാല്‍ മാതാവിന്റെയോ പിതാവിന്റെയോ ജാതി തെളിയിക്കുന്ന സാക്ഷിപത്രം അനിവാര്യമാണെന്നാണ് റവന്യൂ അധികാരികളുടെ വാദം. എന്നാല്‍ 2011 നു ശേഷം ഇവരെ ആന്ധ്രയിലെ ഉയര്‍ന്ന ജാതിക്കാരായ കോടാങ്കി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതി വിശേഷമാണ് സംജാതമായിരിക്കുന്നത്. ഈ വിഷയത്തില്‍ റവന്യു അധികാരികള്‍ കൈമലര്‍ത്തുന്നതായി ആരോപണമുണ്ട്.
മൂന്ന് സെന്റ് സ്ഥലത്ത് ഒരു വീട്ടില്‍ അഞ്ച് കുടുംബങ്ങള്‍ ആണ് തിങ്ങി താമസിക്കുന്നത്. വടവുകോട് ബ്ലോക്കില്‍ നിന്ന് സ്ഥലം വാങ്ങാന്‍ പലര്‍ക്കും എസ്.സി വികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ചെങ്കിലും ഇതും ജാതി സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ലഭ്യമാക്കുന്നില്ലെന്ന് കോളനി നിവാസി രശ്മി പറയുന്നു. പ്രൈമറിതലം മുതല്‍ ഹയര്‍ സെക്കന്ററി വരെ പഠിക്കുന്ന അന്‍പതോളം കുട്ടികള്‍ ഇവിടെ ഉണ്ട്.
പന്ത്രണ്ടാം ക്ലാസ് പാസായ മഹേഷ് മുരുകന്‍ ജാതി തെളിയിക്കുന്ന സാക്ഷ്യപത്രമില്ലാത്തതിനാല്‍ ഒരു ലക്ഷം രൂപ ഫീസ് നല്‍കിയാണ് പുത്തന്‍ കുരിശിലെ സ്വകാര്യ ഐ.ടി.ഐയില്‍ പഠിക്കുന്നത്. ഇതിനായി പണം കണ്ടെത്തിയതാകട്ടെ സ്വകാര്യ മൈക്രോ ഫൈനാന്‍സില്‍ നിന്നുള്ള വായ്പ എടുത്തും. ഒരു നൂറ്റാണ്ട് മുമ്പ് ആന്ധ്രായില്‍ നിന്ന് കുടിയേറിയവരുടെ പിന്‍മുറക്കാരാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. ഇവര്‍ പട്ടികജാതിക്കാരായാണ് അന്ന് അറിയപ്പെട്ടിരുന്നതെന്ന് ഇപ്പോഴത്തെ താമസക്കാര്‍ പറയുന്നു. പല വീടുകള്‍ക്കും ഉപയോഗപ്രദമായ ശൗചാലയം വരെ അന്യമാണ്. മുന്‍ കാലങ്ങളില്‍ ലഭിച്ചിരുന്ന കാക്കാല പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരികള്‍ ഇനിയും തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് പത്താംമൈല്‍ വടയമ്പാടി കാക്കാല കോളനി നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."