ജോസ് വിഭാഗത്തിനായി തിടുക്കം കൂട്ടി സി.പി.എം, അപ്പോഴും സിപി.ഐക്കുള്ളില്‍ നിന്ന് എതിര്‍ സ്വരം
തിരുവനന്തപുരം: ജോസ് കെ.മാണി വിഭാഗത്തെ വളരെ പെട്ടെന്ന് ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.
ജോസ് വിഭാഗം കൂടി മുന്നണിയിലെത്തുന്നതോടെ മുന്നണി കുടുതല്‍ ശക്തിയാര്‍ജിക്കുമെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. മുന്നണി വിപുലീകരണത്തില്‍ സംസ്ഥാനത്തുതന്നെ തീരുമാനമെടുക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം നേരത്തെ അനുമതി നല്‍കിയിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ എത്രയും വേഗം മുന്നണിയില്‍ പ്രവേശിപ്പിച്ചു തദ്ദേശ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകണം.
ഘടകകക്ഷികളുടെ ആശങ്കകള്‍ പരിഹരിക്കാനും പാര്‍ട്ടി തീരുമാനം മുന്നണി യോഗത്തില്‍ ബോധ്യപ്പെടുത്താനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചുമതലപ്പെടുത്തി.
ജോസ് കെ.മാണി ഇന്നലെ എ.കെ.ജി സെന്ററിലും എം.എന്‍ സ്മാരകത്തിലുമെത്തി സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കു മുന്‍പുതന്നെ ജോസിന്റെ മുന്നണി പ്രവേശനത്തെക്കുറിച്ച് മുഖ്യമന്ത്രിയും കോടിയേരിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്കു ശേഷമാണ് ജോസിന്റെ മുന്നണി പ്രവേശനത്തിന് കാനം എതിര്‍പ്പു പ്രകടിപ്പിക്കാതിരുന്നത്.
ബുധനാഴ്ച സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ചേരുന്നുണ്ട്. ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനമാണു യോഗത്തിന്റെ പ്രധാന അജന്‍ഡ.
ജോസ് വിഭാഗത്തെ മുന്നണി ഘടകകക്ഷിയാക്കുന്നതില്‍ ഇപ്പോഴും സിപി.ഐക്കുള്ളില്‍ എതിര്‍പ്പുണ്ട്. അത് എക്‌സിക്യൂട്ടീവിലും പ്രതിഫലിക്കും. ഇതു മുന്നില്‍ കണ്ട് നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യമാണു കാനത്തിനു മുന്നിലുള്ളത്. ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാതെ മുന്നണിക്കു പുറത്തുനിര്‍ത്തി സഹകരിപ്പിച്ചാല്‍ മതിയെന്ന അഭിപ്രായവും സി.പി.ഐയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."