കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താത്തത് വലിയ പോരായ്മ: സി. രാധാകൃഷ്ണന്‍
കണ്ണൂര്‍: കഴിവുകള്‍ കണ്ടുപിടിക്കുന്നതിനു പകരം കുട്ടികളെ മത്സരിപ്പിക്കാനാണു നമ്മള്‍ പ്രാധാന്യം നല്‍കുന്നതെന്നു നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍. ഇതുവഴി കുട്ടികളുടെ കഴിവുകള്‍ കണ്ടുപിടിക്കാതെ പോവുകയും അത് ഉപയോഗിക്കാനാവാതെ വരികയും ചെയ്യുന്നു. ഭൂരിഭാഗത്തിന്റെയും കഴിവുകള്‍ പാഴാകുന്നതാണ് നമ്മുടെ ഏറ്റവും വലിയ പേരായ്മ.
കണ്ണൂരില്‍ ബി.എസ്.എന്‍.എല്‍ സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ന്യൂനപക്ഷം മാത്രമാണു കഴിവുകളുള്ളവര്‍ എന്നതാണു നമ്മുടെ പൊതുബോധം. എല്ലാവര്‍ക്കും എന്തെങ്കിലും കഴിവുകള്‍ ഉണ്ടെന്നതാണു വസ്തുത. എന്നാല്‍ ആരും ശ്രമിക്കാതെയും ഉപയോഗിക്കാതെയും ഇവയൊക്കെയും പാഴാവുകയാണ്. കുട്ടികള്‍ക്കു കഴിവുള്ള മേഖലകളിലേക്കു തിരിച്ചുവിടുന്നതിനുപകരം നമ്മള്‍ വരക്കുന്ന കളങ്ങളില്‍ തളച്ചിടുകയാണ്. മുഴുവനാളുകളും അവരവരുടെ കഴിവുകള്‍ ഉപയോഗിച്ചാല്‍ നമ്മുടെ രാജ്യം എത്രമാത്രം മുന്നേറുമെന്നതു സങ്കല്‍പിക്കാന്‍ കഴിയുന്നതിലും അപ്പുറത്താണന്നും സി. രാധാകൃഷ്ണന്‍ വ്യക്തമാക്കി. കണ്ണൂര്‍ ജനറല്‍മാനജേര്‍ എസ്. വെങ്കിടേശ് അധ്യക്ഷനായി. ബി.എസ്.എന്‍.എല്‍. എച്ച്.ആര്‍ ജനറല്‍മാനേജര്‍ സഞ്ജയകുമാര്‍, ആകാശവാണി ഡയറക്ടര്‍ കെ. ബാലചന്ദ്രന്‍, കെ. മോഹനന്‍, ടി. സന്തോഷ്‌കുമാര്‍, യു. പ്രേമന്‍ മുഖ്യാതിഥികളായി.
മേയര്‍ ഇ. പി. ലത സ്മരണിക പ്രകാശനം ചെയ്തു. സാംസ്‌കാരിക സായാഹ്നം സിനിമാതാരം മധുപാല്‍ ഉദ്ഘാടനം ചെയ്തു. പി.വി. വിജയകുമാരന്‍, കെ.ടി ശശി, രവീന്ദ്രന്‍ കൊടക്കാട്, പി. രാധാകൃഷ്ണന്‍ സംസാരിച്ചു. തുടര്‍ന്നു സിംഫണി കലാവിരുന്നും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."