കെട്ടിടം നിര്‍മിച്ചിട്ടും താലൂക്ക് ഓഫിസ് ഹജൂര്‍ കച്ചേരിയില്‍തന്നെ
തിരൂരങ്ങാടി: മിനി സിവില്‍ സ്റ്റേഷനില്‍ സൗകര്യമൊരുക്കിയിട്ടും ഹജൂര്‍ കച്ചേരിയില്‍ തിങ്ങിഞെരുങ്ങി റവന്യു അധികൃതര്‍. ഒരുകോടി രൂപ മുടക്കി കെട്ടിടം നിര്‍മിച്ച് കാത്തിരുന്നിട്ടും പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ റവന്യൂ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
ഹജൂര്‍കച്ചേരി പൈതൃക മ്യൂസിയമാക്കാനുള്ള നടപടികള്‍ക്കിത് തിരിച്ചടിയായതോടെ നാലുകോടി രൂപയുടെപദ്ധതികള്‍ അവതാളത്തിലായി.
കെട്ടിടത്തിലെ അസൗകര്യമാണ് നിലവില്‍ ഹജൂര്‍കച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫിസ് മിനിസിവില്‍സ്റ്റേഷനിലേക്ക് മാറാന്‍ തടസമായിരുന്നത്. നിലവിലുള്ള കെട്ടിടത്തില്‍ ഒരു നില നിര്‍മിക്കുന്നതിനും മറ്റുമായി കഴിഞ്ഞ സര്‍ക്കാര്‍ ഒരുകോടി രൂപ അനുവദിച്ചിരുന്നു.
ഇതിന്റെ ഭാഗമായി രണ്ടാം നിലയില്‍ പുതിയ ബ്ലോക്ക് നിര്‍മിക്കുകയും ശൂചീകരണ മുറികളുടെ ക്രമീകരണം,വൈദ്യുതീകരണം, പെയിന്റിംഗ്, ഗേറ്റ് സ്ഥാപിക്കല്‍ തുടങ്ങി എല്ലാ പ്രവൃത്തിയും പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ ഹജൂര്‍ കച്ചേരിയില്‍ ഏറെ അസൗകര്യങ്ങളോടെയാണ് താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നടുമുറ്റ വരാന്തയില്‍ ഏറെ ഞെരുങ്ങിയാണ് പല ഉദ്യോഗസ്ഥരും ജോലിചെയ്യുന്നത്. മിനി സിവില്‍ സ്റ്റേഷനില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടും മാറാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്നാണ് വിവരം. ഉദ്യോഗസ്ഥര്‍ ഹജൂര്‍ കച്ചേരി വിടാന്‍ തയാറാവാത്തതിനാല്‍ ജില്ലാ പൈതൃക മ്യൂസിയത്തിന്റെ പ്രവൃത്തികളും പാതിവഴിയില്‍ നിലച്ചു. മാസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നിന്നും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ ഹജൂര്‍ കച്ചേരി സന്ദര്‍ശിച്ച് നടപ്പിലാക്കേണ്ട പ്രവൃത്തികളെ കുറിച്ചുള്ള വ്യക്തമായ പ്രോജക്ട് തയ്യാറാക്കിയിരുന്നു.
80ലക്ഷം രൂപയുടെ സിവില്‍ വര്‍ക്കുകളും 50 ലക്ഷത്തിലധികം രൂപയുടെ വൈദ്യുതീകരണവും നിര്‍മാണ പ്രവൃത്തി ഉള്‍പ്പെടെ 218 ലക്ഷത്തിന്റെ മറ്റു വര്‍ക്കുകള്‍ക്കുമാണ് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളത്.
ഭരണാനുമതിയും ടെണ്ടറടക്കമുള്ള നിര്‍മാണം തുടങ്ങുന്നതിന് വേണ്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി താലൂക്ക് ഓഫീസ് മാറുന്നതും കാത്തിരിക്കുകയാണ് പുരാവസ്തുവകുപ്പ്. കെട്ടിടത്തില്‍നിന്നും താലൂക്ക് ഓഫീസ് മാറണമെന്ന് കാണിച്ച് പുരാവസ്തു വകുപ്പ് നിരവധി തവണ കത്ത് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."