കരുണാനിധിയുടെ നിയമസഭാ വജ്രജൂബിലി ആഘോഷത്തില്‍നിന്ന് ബി.ജെ.പിയെ ഒഴിവാക്കി
ചെന്നൈ: ഡി.എം.കെ നേതാവ് എം. കരുണാനിധിയുടെ നിയമസഭാ പ്രവേശനത്തിന്റെ വജ്രജൂബിലി ആഘോഷ പരിപാടികളിലേക്ക് ബി.ജെ.പിക്ക് ക്ഷണമില്ല. സോണിയാ ഗാന്ധി, ലാലു പ്രസാദ് യാദവ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് തുടങ്ങിയ മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളെയെല്ലാം പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പിയെ ചടങ്ങില്‍നിന്ന് ഒഴിവാക്കുകയായിരുന്നു.
കരുണാനിധിയുടെ 94-ാം ജന്മദിനമായ ജൂണ്‍ മൂന്നിനാണ് അദ്ദേഹം ആദ്യമായി തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഡി.എം.കെയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. 1957ല്‍ തിരുച്ചിറപ്പള്ളിയിലെ കുളിതലായ് മണ്ഡലത്തില്‍നിന്നാണ് കരുണാനിധി ആദ്യമായി തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പരിപാടിയിലേക്ക് ബി.ജെ.പിയിതര പാര്‍ട്ടികള്‍ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും ദേശീയ പാര്‍ട്ടി നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനും അടുത്ത പൊതുതെരഞ്ഞെടുപ്പിനും മുന്നോടിയായി രാജ്യത്ത് മഹാസഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുന്നതിനിടെ പുതിയ നീക്കത്തിന് വന്‍ രാഷ്ട്രീയമാനങ്ങളുണ്ട്.പരിപാടിയില്‍നിന്ന് ബി.ജെ.പിയെ ഒഴിവാക്കിയ നടപടി വിവാദമായതോടെ ന്യായീകരണവുമായി ഡി.എം.കെ ആക്ടിങ് പ്രസിഡന്റ് സ്റ്റാലിന് രംഗത്തെത്തി. ദ്രാവിഡ പ്രസ്ഥാനങ്ങളെ തുടച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ച പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അവരെ പരിപാടിയിലേക്ക് ക്ഷണിച്ച് പ്രശ്നമുണ്ടാക്കാന്‍ താല്പര്യമില്ലെന്നും സ്റ്റാലിന് വ്യക്തമാക്കി.
കരുണാനിധിയുടെ വജ്രജൂബിലി ആഘോഷ പരിപാടിയിലേക്ക് ക്ഷണിച്ചാലും പങ്കെടുക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."