പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ മലപ്പുറം ഒറ്റക്കെട്ട്
മലപ്പുറം: പകര്‍ച്ചവ്യാധികളെ നേരിടാന്‍ രാഷ്ട്രീയം മറന്നു മലപ്പുറം കൈകോര്‍ക്കുന്നു. കുത്തിവെപ്പ് ശാക്തീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി ശൈലജടീച്ചറുടെ നേതൃത്വത്തില്‍ മലപ്പുറത്തു നടന്ന അവലോകന യോഗത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ചിരുന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ജില്ലയില്‍ ഡിഫ്തീരിയ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കാന്‍ ആരോഗ്യമന്ത്രി കാണിച്ച ജാഗ്രതയെ യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ എംഎല്‍എമാരുള്‍പ്പടെയുള്ളവര്‍ അഭിനന്ദിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ഇതു രണ്ടാം തവണയാണ് ആരോഗ്യമന്ത്രി ജില്ലയിലെത്തുന്നത്.
പരിപാടിയില്‍ പങ്കെടുത്ത ജനപ്രതിനിധികളും മതസംഘടനാ നേതാക്കളും കുത്തിവെപ്പിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കുത്തിവെപ്പിനു വിരുദ്ധമായ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയേണ്ടതാണ്. വിജയകരമാണെന്ന് തെളിഞ്ഞ ശാസ്ത്രീയമായ ഒരു പ്രതിരോധ സംവിധാനം നിഷേധിക്കുന്നതു ഖേദകരമാണെന്നു മന്ത്രി പറഞ്ഞു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ കാര്യക്ഷമമായി ഏറ്റെടുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കാത്തവരെ നിയമാനുസൃതമായ വകുപ്പുകള്‍ പ്രകാരം അനുസരിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണ - ന്യൂനപക്ഷക്ഷേമ മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷനായി. ആരോഗ്യ വകുപ്പു സെക്രട്ടറി രാജീവ് സദാനന്ദന്‍, ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേശ്, എന്‍.എച്ച്.എം. ഡയറക്ടര്‍ ജി.ആര്‍. ഗോകുല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, ഡോ. രേണുക തുടങ്ങിയവന്‍ സംസാരിച്ചു.
പൂര്‍ണപിന്തുണയുമായി മത നേതാക്കള്‍
ജില്ലയില്‍ 100 ശതമാനം കുത്തിവെപ്പു കൈവരിക്കുന്നതിന് എല്ലാ പിന്തുണയും ഉണ്ടാവുമെന്നു യോഗത്തില്‍ പങ്കെടുത്ത വിവിധ മതസംഘടനാ നേതാക്കള്‍ ഉറപ്പു നല്‍കി. യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളെല്ലാം മതസംഘടനകളില്‍ നിന്നും ലഭിക്കുന്ന പിന്തുണയെ പ്രശംസിച്ചു. കുത്തിവെപ്പുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ അകറ്റാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്നു ചര്‍ച്ചയില്‍ പങ്കെടുത്തു പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സര്‍ക്കാറിന്റേതുള്‍പ്പടെയുള്ള എല്ലാ പദ്ധതികളും വിജയിപ്പിച്ച പാരമ്പര്യമാണു മലപ്പുറത്തിനുള്ളത്. പ്രതിരോധകുത്തിവെപ്പും അതുപോലെ തന്നെയാണ്. ചിലര്‍ക്ക് ഇതുമായി ബന്ധപ്പെട്ടു നിലനിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിച്ചാല്‍ നൂറു ശതമാനം കുത്തിവെപ്പെടുത്ത ജില്ലയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുത്തിവെപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണമായി സഹകരിക്കണമെന്നാവശ്യപ്പെട്ടു വിവിധ മതസംഘടനാ നേതാക്കള്‍ നടത്തിയ അഭ്യര്‍ഥനയുടെ സമാഹാരം ആരോഗ്യ വകുപ്പു സെക്രട്ടറി രാജീവ് സദാനന്ദന്‍ മന്ത്രി കെ.കെ. ശൈലജയ്ക്കു നല്‍കി പ്രകാശനം ചെയ്തു. യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സി.കെ.യു മൗലവി, സി.പി. ഉമര്‍ സുല്ലമി, കുഞ്ഞു മുഹമ്മദ് മദനി പറപ്പൂര്‍, ഡോ. സി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
അശാസ്ത്രീയ ചികിത്സകള്‍ നിയന്ത്രിക്കുന്നതിനു നിയമനിര്‍മാണം ആവശ്യമാണെന്നും ഇത്തരത്തിലുള്ള മാധ്യമ പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഓടകളിലെ മാലിന്യം നീക്കുന്നതിനു പൊതുമരാമത്ത് വകുപ്പിന്റെ പങ്ക് അനിവാര്യമാണെന്നും സര്‍ക്കാരിന്റെ അധീനതയിലുള്ള ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം ഗൗരവമായി കാണണമെന്നും സ്‌കൂള്‍ പ്രവേശനത്തിനു കുത്തിവെപ്പു നിര്‍ബന്ധമാക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."