ഏനൂര്‍ റഹ്മാന്‍ കൊലപാതകം: പ്രതിയെ പിടികൂടിയത് സാഹസികമായി
കോഴിക്കോട്: ദുരൂഹതയേറെയുണ്ടായിരുന്ന ഏനൂര്‍ റഹ്മാന്‍ കൊലപാതക കേസില്‍ ഒളിവിലായിരുന്ന പ്രതിയെ എട്ടുവര്‍ഷത്തിനു ശേഷം പൊലിസ് പിടികൂടിയത് അതിസാഹസികമായി.
രണ്ടുവര്‍ഷം മുന്‍പ് കേസിലെ രണ്ടു പ്രധാന പ്രതികളെ പിടൂകൂടിയതോടെയാണ് അസം സ്വദേശിയായ ഷഹ്‌നൂര്‍ അലി (22)യുടെ പങ്ക് ക്രൈംബ്രാഞ്ചിന് വ്യക്തമായത്. അന്നു മുതല്‍ ഷഹ്‌നൂറിനായി അന്വേഷണം ആരംഭിച്ചിരുന്നു. തമിഴ്‌നാട്ടിലും മറ്റും ഒളിവില്‍ താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിനിടെയാണ് അസമിലെ വീട്ടില്‍ തന്നെ ഷഹ്‌നൂര്‍ ഉള്ളതായി വിവരം ലഭിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച അന്വേഷണസംഘം അസമിലേക്ക് തിരിക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥയാണ് അസമില്‍ പല ജില്ലകളിലുമുള്ളത്.
കനത്ത മഴയും ഉരുള്‍പൊട്ടലും അന്വേഷണസംഘത്തിന് തടസമായി നിന്നെങ്കിലും പ്രതിയെ പിടികൂടുകയെന്ന ലക്ഷ്യത്തില്‍ നിന്ന് ഇന്‍സ്പക്ടര്‍ എം.വി അനില്‍കുമാര്‍ അടക്കമുള്ള സംഘം പിന്‍വാങ്ങിയില്ല.
കൊക്രാജാര്‍ ജില്ലയിലെ ബിലാസിപ്പാറ പൊലിസിന്റെ സഹായവും ക്രൈംബ്രാഞ്ചിന് കരുത്തേകി. വിവരമറിഞ്ഞ പൊലിസ് ഷഹ്‌നൂറിന്റെ വീട് കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെയാണ് ക്രൈംബ്രാഞ്ച് സംഘം പ്രതിയെ പിടകൂടിയത്. എ.എസ്.ഐ പ്രകാശ് മണികണ്ഠന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ബിജോയ്, സി.പി.ഒ ബിജു എന്നിവരങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."