വൃത്തികേട് പറയാതെ ബിഹാര്‍ തെരഞ്ഞെടുപ്പ്
വാജ്‌പേയി സര്‍ക്കാരിന്റെ കാലം തൊട്ട് ബിഹാറില്‍ കഴിഞ്ഞുപോയ എല്ലാ അസംബ്ലി, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളും നേരിട്ടു കണ്ടതിന്റെ ഓര്‍മകളിലാണ് ഇതെഴുതുന്നത്. ഇത്തവണ ബിഹാര്‍ സന്ദര്‍ശിക്കാനായിട്ടില്ല. മുന്‍വിധികളില്ലാതെയാണ് സഞ്ചരിക്കുന്നതെങ്കില്‍ അവിടെ നിന്നും പകര്‍ത്തുന്ന ജനകീയ സ്പന്ദനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പൊതുവേ പ്രതിഫലിക്കാറുണ്ട് എന്നതാണ് ഇന്നോളമുള്ള അനുഭവം. ജാതി പരമപ്രധാനമാകുമ്പോള്‍ പോലും സാമൂഹിക മാറ്റം കൊണ്ടുവരുമെന്ന് അവകാശപ്പെടുന്നവരോട് ഒരല്‍പ്പം മമത കൂടുതല്‍ പ്രകടിപ്പിക്കുന്നവരാണ് സംസ്ഥാനത്തെ വോട്ടര്‍മാര്‍. യു.പിയിലെയും ബിഹാറിലെയും തെരഞ്ഞെടുപ്പുകള്‍ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസവും ഇതാണ്. ആര്‍.ജെ.ഡി ഭരിച്ച പതിനഞ്ച് വര്‍ഷക്കാലത്ത് സാമൂഹികമാറ്റം മാത്രമാണ് ജനങ്ങളെ ലാലുവിനൊപ്പം നിര്‍ത്തിയത്. ലാലു കൊണ്ടുവന്ന സാമൂഹിക പരിഷ്‌കരണത്തിന്റെ തണലില്‍ വികസന സ്വപ്നങ്ങള്‍ വിറ്റ് അധികാരത്തിലേറിയ പഴയ സോഷ്യലിസ്റ്റ് നേതാവ് നിതീഷ് കുമാര്‍ പക്ഷേ കടുത്ത ഭരണ വിരുദ്ധ വികാരം നേരിടുന്ന ചിത്രമാണ് ഇപ്പോഴുള്ളത്. മോദി ഭരണത്തോട് പൊതുവേ ഇന്ത്യയിലുടനീളം രൂപപ്പെട്ട അസംതൃപ്തിയോടൊപ്പം കൊവിഡ് സൃഷ്ടിച്ച പലായനവും തൊഴിലില്ലായ്മയും ബി.ജെ.പി - ജെ.ഡി.യു സഖ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ഇതുവരെയും വ്യക്തമല്ല. ജാതിയിലധിഷ്ഠിതമായ സാമൂഹിക വികസനം എന്ന മുദ്രാവാക്യം മറികടന്ന് സാമ്പത്തിക വളര്‍ച്ചയിലൂന്നിയ സാമൂഹിക വികാസം എന്നതാണ് ഇപ്പോള്‍ ബിഹാറിന്റെ തെരഞ്ഞെടുപ്പ് അജന്‍ഡ. തൊഴിലില്ലായ്മ തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയം. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയേറെ വൃത്തിയുള്ള ഒരു തെരഞ്ഞെടുപ്പ് ഹിന്ദി ഭാഷാ സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും നോക്കിക്കാണുന്നത്.
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലാണ് മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന് ഉണ്ടാക്കിയെടുത്ത ഗോമാതാ തരംഗം വോട്ടാക്കി മാറ്റാന്‍ ബി.ജെ.പി കിണഞ്ഞു ശ്രമിച്ചത്. ഹിന്ദുക്കളില്‍ മതപരമായി ഏറ്റവും ഭക്തിയുള്ള വിഭാഗമായ ബിഹാറിലെ യാദവരെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. അന്ന് നിതീഷും ലാലുവും രാഹുലും ബി.ജെ.പിയെ നേരിട്ട അതേ രീതിയിലാണ് ഇത്തവണയും മഹാസഖ്യം മുന്നോട്ടുപോകുന്നത്. തെരഞ്ഞെടുപ്പിനെ ഹിന്ദു - മുസ്‌ലിം, ഇന്ത്യാ - പാകിസ്താന്‍ ഏറ്റുമുട്ടലാക്കുന്ന ബി.ജെ.പിയുടെ കെണിയില്‍ സഖ്യം ഇതുവരെ തലവെച്ചു കൊടുത്തിട്ടില്ല. എന്നല്ല രാമക്ഷേത്രവും കശ്മിരുമൊക്കെ വിളിച്ചുപറഞ്ഞ് മോദിയും ഗിരിരാജ് സിങ്ങും ആദിത്യനാഥും തലങ്ങും വിലങ്ങും സംസ്ഥാനത്ത് ഓടിനടന്നിട്ടും തേജസ്വി നിശ്ചയിക്കുന്ന വികസന അജന്‍ഡകളിലേക്ക് സംസ്ഥാനം മടങ്ങിയെത്തുന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിഹാറിലെ കാഴ്ച. മാധ്യമങ്ങളും അധികാരവും ജാതിസമവാക്യങ്ങളും ഒപ്പമുള്ള എന്‍.ഡി.എ മറുഭാഗത്ത് ഇതൊന്നുമില്ലാത്ത മഹാസഖ്യത്തെ മൂക്കില്‍ വലിച്ചുകയറ്റുമെന്ന മട്ടിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. ബി.ജെ.പിക്ക് ബിഹാറില്‍ കഴിഞ്ഞ തവണ സംഭവിച്ചതും ഇതേ അബദ്ധമാണ്. വിജ്ഞാപനം പുറത്തു വരുമ്പോഴേക്കും വര്‍ഗീയതയുടെ ഉത്തുംഗതയില്‍ നിന്നായിരുന്നു അവരുടെ പ്രചാരണത്തിന്റെ തുടക്കം. അത്രയും വലിയ വോള്യത്തില്‍ 'പാട്ട്' പാടിക്കാനാവാതെ കിതച്ചും വിയര്‍ത്തും ഓടിയെത്തുകയും ഒടുവില്‍ തെരഞ്ഞെടുപ്പ് തോറ്റതിനു ശേഷം പറഞ്ഞതും ചെയ്തതുമൊക്കെ അബദ്ധമായി പോയെന്ന് എന്‍.ഡി.എ നേതാക്കള്‍ ഖേദപ്രകടനം നടത്തുകയും ചെയ്യുന്നതായിരുന്നു രാജ്യം കണ്ടത്. രാഷ്ട്രീയത്തിന്റെ ദുഷിപ്പുകളോട് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഫലപ്രദമായി സംവദിച്ച ഗിരിരാജ് സിങ്ങിന് പുതിയ ഒരു പ്രസ്താവന പോലും ഇതുവരെയും ചര്‍ച്ചക്കെടുപ്പിക്കാനായിട്ടില്ല. അയോധ്യയും കശ്മിരുമൊക്കെ പറഞ്ഞു മടുത്തതാകയാല്‍ വര്‍ഗീയത പോലും ഇത്തവണ വലിയ വൃത്തികേട് അനുഭവിപ്പിക്കുന്നുണ്ടായിരുന്നില്ല.
ജാതി സമവാക്യങ്ങള്‍ കടലാസില്‍ അനുകൂലമാണെങ്കിലും എന്‍.ഡി.എക്കകത്ത് കാര്യങ്ങള്‍ ഒട്ടും ഭദ്രമല്ല. ബി.ജെ.പിയുടെ വോട്ടുബാങ്ക് ഇത്തവണ നിതീഷിനൊപ്പം ഉറച്ചുനില്‍ക്കുമോ എന്നത് കണ്ടുതന്നെ അറിയേണ്ടി വരും. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ജെ.ഡി.യു നേരത്തെ ജയിച്ചുകയറിയ നാലില്‍ മൂന്ന് സീറ്റുകളിലും തോറ്റത് ശ്രദ്ധിക്കുക. ബെല്‍ഹാര്‍, ഭക്തിയാര്‍പൂര്‍, ദൗറാണ്ട എന്നീ സീറ്റുകളില്‍ ബി.ജെ.പി നിതീഷിന്റെ പാലം വലിച്ചുവെന്നാണ് ആരോപണം. കഴിഞ്ഞ തവണത്തേതുമായി തുലനം ചെയ്താല്‍ ജെ.ഡി.യുവിന്റെ വോട്ട് ശതമാനവും അസാധാരണമാം വിധം കുറഞ്ഞു. സഖ്യത്തിനകത്തെ വലിയ കക്ഷിയായി അംഗീകരിച്ച് ജെ.ഡി.യുവിന് ഇത്തവണ 122 സീറ്റുകള്‍ വിട്ടുകൊടുത്തിട്ടുണ്ടങ്കിലും മനസ്സുകൊണ്ട് ബി.ജെ.പി നിതീഷിനോടൊപ്പമില്ല. എന്‍.ഡി.എ വിട്ടുപോയ മുന്‍ഘടക കക്ഷി ലോക് ജന്‍ശക്തി പാര്‍ട്ടി ജെ.ഡി.യു മത്സരിക്കുന്ന സീറ്റുകളില്‍ ഉടനീളം നടത്തുന്ന പോരാട്ടം ബി.ജെ.പിക്കു വേണ്ടിയുള്ള നിഴല്‍ യുദ്ധമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നിതീഷ് കുമാര്‍ വിരുദ്ധ വോട്ടുകള്‍ മഹാസഖ്യത്തിന് കിട്ടാതിരിക്കാനുള്ള ഈ നീക്കം രാംവിലാസ് പാസ്വാന്റെ മരണശേഷം കുറെക്കൂടി എല്‍.ജെ.പി അനുകൂല തരംഗമാവുന്നതും കാണാനുണ്ട്. എന്നാല്‍ എല്‍.ജെ.പി അവരുടെ പ്രചാരണ രംഗത്ത് നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിക്കുന്നത് എന്‍.ഡി.എക്കകത്ത് കടുത്ത ആശയക്കുഴപ്പത്തിനും വഴിയൊരുക്കുന്നുണ്ട്. ബി.ജെ.പിയുടെ ആശീര്‍വാദത്തോടെയാണ് ചിരാഗ് നിതീഷിനെതിരേ നീങ്ങുന്നതെന്ന് വലിയൊരളവില്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതായത് നിതീഷിനെ തോല്‍പ്പിക്കുന്നതില്‍ മഹാസഖ്യത്തേക്കാളേറെ പങ്കുവഹിക്കാനൊരുങ്ങുന്നത് എന്‍.ഡി.എക്കകത്തെ പടലപ്പിണക്കങ്ങളാണെന്നര്‍ഥം. തന്നെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെ ഈ മോഹം 2019നു ശേഷം കൃത്യമായി അനുഭവിച്ചറിയുന്ന നിതീഷ് കുമാറിനെ പക്ഷേ ബി.ജെ.പി അന്തിമമായി പ്രകോപിപ്പിക്കാനുമിടയില്ല.
ബിഹാര്‍ വോട്ടെടുപ്പിന്റെ അടിത്തറ ജാതീയത തന്നെയെന്ന് സമ്മതിച്ചുകൊണ്ടു പറയട്ടെ, അതില്‍ ആശയുടെയും ആശങ്കയുടെയും ഘടകങ്ങള്‍ ഇരുപക്ഷത്തിനുമുണ്ട്. ബിഹാറിലെ പ്രധാന ദലിത്, പിന്നോക്ക സംഘടനകളായ ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച (ഹാം), ഉപേന്ദ്ര കുശവാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍.എല്‍.എസ്.പി) എന്നിവര്‍ 2015ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയോടൊപ്പമായിരുന്നു. മുകേഷ് സഹാനിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി) അന്ന് രൂപീകരിക്കപ്പെട്ടിരുന്നില്ലെങ്കിലും അമിത്ഷായുടെ വേദികളില്‍ സാഹ്‌നി ഒപ്പമുണ്ടായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ മൂന്നു സംഘടനകളും മഹാസഖ്യത്തിന്റെ ഭാഗമായി മാറി. ഇത്തവണ ഈ സംഘടനകളെ പൂര്‍ണമായും മാറ്റിനിര്‍ത്തിയാണ് തേജസ്വിയും കൂട്ടരും മുന്നോട്ടുപോകുന്നത്. ബിഹാറിലെ അതിപിന്നോക്ക ജാതികളുടെ രാഷ്ട്രീയം ശിഥിലമാകുകയാണെന്ന കണക്കുകൂട്ടലിലാണ് മഹാസഖ്യം. പകരം കഴിഞ്ഞ തവണ മാറ്റിനിര്‍ത്തിയ കനയ്യാ കുമാറിന്റെ സി.പി.ഐയെ ഒപ്പം കൂട്ടി. 2019 ലോക്‌സഭാ കാലത്തെ പരീക്ഷണം ശുദ്ധ പരാജയമായിട്ടും കുശവാഹയും മാഞ്ചിയും മുകേഷ് സാഹ്‌നിയുമൊന്നും കടുംപിടുത്തത്തില്‍ അല്‍പ്പവും അയവു വരുത്തുന്നുണ്ടായിരുന്നില്ല. സംസ്ഥാനത്തെ എം.ബി.സി വോട്ടുകള്‍, പ്രത്യേകിച്ചും മുശാഹരി സമുദായത്തിന്റേത്, മാഞ്ചിയോടൊപ്പമാണെന്ന് വിലയിരുത്തപ്പെടാറുണ്ടെങ്കിലും ഭാഗികമായ സത്യം മാത്രമാണത്. 50ഓളം സീറ്റുകളില്‍ സാന്നിധ്യമുള്ളവരാണ് എന്നല്ലാതെ കൊയ്‌രി കുശവാഹ സമുദായങ്ങളുടെ ആര്‍.എല്‍.എസ്.പിയും മല്ലകളുടെയും കേവാഡുകളുടെയുമൊക്കെ പാര്‍ട്ടിയായ വി.ഐ.പിയും വിരലില്‍ എണ്ണാവുന്ന സീറ്റുകളില്‍ മാത്രമാണ് നിര്‍ണായക ശക്തികളാവുന്നത്. നേതാക്കളുടെ നിരന്തരമായ കൂറുമാറ്റങ്ങള്‍ ദലിതര്‍ക്കിടയില്‍ അവരുടെ സ്വാധീനശക്തിക്ക് നല്ലൊരളവില്‍ മങ്ങലേല്‍പ്പിച്ചിട്ടുമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപേന്ദ്ര കുശവാഹയും മുകേഷ് സാഹ്‌നിയുമൊക്കെ പരാജയപ്പെടുകയാണുണ്ടായത്. എന്‍.ഡി.എയും മഹാസഖ്യവും ഇത്തവണ മുഖം തിരിച്ചതോടെ ഉവൈസിയുടെയും മായാവതിയുടെയും സുഹല്‍ദേവ് പാര്‍ട്ടിയുടെയും പിന്തുണയോടെ മൂന്നാം മുന്നണിയുണ്ടാക്കിയാണ് ആര്‍.എല്‍.എസ്.പി മത്സരിക്കുന്നത്. സീമാഞ്ചല്‍, മഹാകൗശല്‍ മേഖലകളില്‍ ഇവരുടെ പോരാട്ടം ജാതി സമവാക്യങ്ങളെ സങ്കീര്‍ണമാക്കുന്നുണ്ടാവാം. ഒരളവോളം അത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി മുന്നോട്ടുപോകുന്നതും.
ലോക് ജന്‍ശക്തി പാര്‍ട്ടിയെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി നടത്തുന്ന കളിക്ക് എന്‍.ഡി.എക്കകത്തു തന്നെയുള്ള ഹിന്ദുസ്ഥാനി ആവാം പാര്‍ട്ടിയാണ് നിലവില്‍ ഭീഷണിയായി മാറുന്നത്. ലോക് ജന്‍ശക്തി പാര്‍ട്ടിക്കെതിരേയാണ് മാഞ്ചി. ചിരാഗ് പാസ്വാന്‍ തട്ടിയെടുക്കുന്ന നിതീഷ് വിരുദ്ധ വോട്ടുകളുടെ മറുഭാഗത്ത് ജിതിന്‍ റാം മാഞ്ചി ചോര്‍ത്തുന്ന ദലിത് വോട്ടുകള്‍ ജെ.ഡി.യുവിനെയും സഹായിക്കും. മഹാസഖ്യത്തില്‍ നിന്നും മാഞ്ചിയെ പ്രലോഭിപ്പിച്ച് തിരികെയെത്തിച്ചത് നിതീഷാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്‍.ഡി.എക്കകത്ത് ഒരുതരം സൗഹൃദ പോരാട്ടങ്ങളായി ചിത്രീകരിക്കപ്പെടുന്ന ഈ പൊറാട്ട് നാടകങ്ങളില്‍ മാഞ്ചിയും ചിരാഗും ബി.ജെ.പിയെ എതോ പ്രകാരത്തില്‍ സഹായിക്കുകയും ഒപ്പം പ്രതിസന്ധിയില്‍ ആഴ്ത്തുകയും ചെയ്യുന്നുണ്ട്. ബി.ജെ.പിയില്‍നിന്നും സീറ്റ് കിട്ടാത്തവര്‍ ലോക് ജന്‍ശക്തി പാര്‍ട്ടിയില്‍ ചേര്‍ന്ന് വിമതരായി മത്സരിക്കുന്നത് എന്‍.ഡി.എയുടെ ജാതി സമവാക്യങ്ങളെ തകിടം മറിക്കുന്നുണ്ട്. അമിത് ഷാ മനസ്സില്‍ കണ്ടത് നിതീഷ് കുമാര്‍ മരത്തില്‍ കണ്ടാലുമുണ്ട് പ്രശ്‌നം. അങ്ങോട്ടുമിങ്ങോട്ടും പാലം വലിച്ചാല്‍ എന്‍.ഡി.എ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയാണല്ലോ സംഭവിക്കുക. ജെ.ഡി.യു കൂടുതല്‍ സീറ്റുകള്‍ നേടുന്നില്ല എന്നു മാത്രമാണ് ഇപ്പോഴത്തെ കുതന്ത്രങ്ങളിലൂടെ ബി.ജെ.പി ഉറപ്പുവരുത്തുന്നത്. കുറഞ്ഞ സീറ്റുകളില്‍ ജെ.ഡി.യുവിനെ ഒതുക്കാനായാല്‍ സ്വാഭാവികമായും മുഖ്യമന്ത്രി സ്ഥാനത്തിനായി നിതീഷ് അവകാശവാദം ഉന്നയിക്കാനിടയില്ലെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ നീതിഷിനെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാനുള്ള മുന്‍ധാരണ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ ഉണ്ടായെങ്കിലേ ഇത് താഴേത്തട്ടില്‍ വലിയ പരുക്കുകളില്ലാതെ നടപ്പിലാവാന്‍ സാധ്യതയുള്ളൂ. നിതീഷ് ബി.ജെ.പിയെ വിശ്വസിക്കുകയും വേണം. ജാതിബോധം മറികടന്ന് ജനങ്ങള്‍ നിത്യജീവിത പ്രശ്‌നങ്ങളോട് പ്രതികരിച്ചാല്‍ എന്‍.ഡി.എ സഖ്യത്തിന് ഒരു സാധ്യതയും ബിഹാറിലില്ല. എന്നാല്‍ ജാതിസമവാക്യങ്ങള്‍ മഹാസഖ്യത്തിന് അല്‍പ്പം പോലും അനുകൂലവുമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."