ജമാഅത്ത് നേതൃത്വം ഇടപെട്ടു; സ്വവര്‍ഗരതിയെപിന്തുണച്ച നിലപാട് തിരുത്തി ഫ്രറ്റേണിറ്റി
കോഴിക്കോട്: സ്വവര്‍ഗരതി നിയമവിധേയമാക്കിയുള്ള സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടന ഒടുവില്‍ നിലപാട് മാറ്റി. ജമാഅത്തിന്റെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗമായ ഫ്രറ്റേണിറ്റി മൂവ്‌മെന്റാണ് നേതൃത്വത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്നു നിലപാട് മാറ്റിയത്.
സ്വവര്‍ഗരതി നിയമവിധേയമാക്കിയ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് നേരത്തെ ഫ്രറ്റേണിറ്റി രംഗത്തുവന്നിരുന്നു. ഈ വിധിക്കെതിരേ ജമാഅത്ത് അമീര്‍ രംഗത്തുവന്നപ്പോഴാണ് അമീറിനെ തള്ളി വിദ്യാര്‍ഥി സംഘടന നിലപാടെടുത്തിരുന്നത്.
കോടതി വിധി ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമാണെന്നും ജനാധിപത്യ വ്യവസ്ഥയില്‍ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും വിലപ്പെട്ട ആശയങ്ങളാണെന്നും വ്യക്തമാക്കിയ ഫ്രറ്റേണിറ്റി, ഭരണകൂടം സ്വകാര്യതയ്ക്കുമേല്‍ കൈവയ്ക്കുന്ന ഏതൊരു നീക്കവും ചെറുക്കപ്പെടേണ്ടതാണെന്നും പ്രസ്താവിച്ചിരുന്നു.
ഈ നിലപാടിനെതിരേ ജമാഅത്തെ ഇസ്‌ലാമി നേതൃത്വംതന്നെ രംഗത്തെത്തി. അണികളിലും അമര്‍ഷം ശക്തമായതിനെ തുടര്‍ന്നാണ് നേരത്തേയിറക്കിയ പ്രസ്താവന പിന്‍വലിച്ച് ഫ്രറ്റേണിറ്റി നിലപാട് മാറ്റിയത്.
സംഘടനയില്‍ ഈ വിഷയത്തില്‍ അഭിപ്രായവ്യത്യാസമുള്ളതായും പഠനവും വിശദമായ ചര്‍ച്ചയും നടത്താതെയാണ് ആദ്യ കുറിപ്പ് തയാറാക്കിയതെന്നും പുതിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
ട്രാന്‍സ്‌ജെന്‍ഡറുകളെ സംബന്ധിച്ച പ്രസ്താവനയിലെ നിലപാടില്‍ സംഘടന ഉറച്ചുനില്‍ക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.അഭിപ്രായ ഭിന്നതയുള്ളതിനാല്‍ നേരത്തെ സ്വീകരിച്ച നിലപാട് മാറ്റിയതായി ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ശഹിര്‍ഷാ സുപ്രഭാതത്തോട് പറഞ്ഞു. കാംപസുകളില്‍ സ്വാധീനം ചെലുത്താനായി ജമാഅത്തിന്റെ പരസ്യ പിന്തുണയില്ലാതെ പ്രവര്‍ത്തനം തുടങ്ങിയ ഫ്രറ്റേണിറ്റിക്കു ജമാഅത്തിന്റെ നിലപാടിനു വിരുദ്ധമായി പ്രവര്‍ത്തിക്കാനാകില്ലെന്നു ഇതോടെ ബോധ്യമായിരിക്കുകയാണ്.
എല്ലാ വിഷയത്തിലും രാഷ്ട്രീയ നിലപാട് സ്വീകരിക്കാറുള്ള വെല്‍ഫെയര്‍ പാര്‍ട്ടി സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ ഇതുവരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."