അച്ചുതമാരാര്‍ വാദ്യകലാ കേന്ദ്രത്തില്‍ ഇപ്പോള്‍ മുഴങ്ങുന്നത് പ്രളയതാളം
അന്നമനട: അന്നമനട ത്രയത്തിന്റെ നാട്ടില്‍ അന്നമനട ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള അച്ചുതമാരാര്‍ വാദ്യകലാ കേന്ദ്രത്തില്‍ ഇപ്പോള്‍ മുഴങ്ങുന്നത് പ്രളയതാളം.
പ്രളയത്തെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ പുഴയുടെ സമീപമുള്ള വാദ്യകലാകേന്ദ്രം വെള്ളത്തിനടിയാലായി. ഇതോടെ ഇവിടെയുണ്ടായിരുന്ന ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ നശിച്ചു.
വിജയദശമി ദിനത്തില്‍ പഞ്ചവാദ്യത്തില്‍ ഒട്ടേറെ കുട്ടികള്‍ അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് പ്രളയം വില്ലനായി എത്തിയത്. തിമില, ഇടക്ക, മദ്ദളം, കൊമ്പ് എന്നിവ നശിച്ചു. തുകല്‍ വാദ്യങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു. 13 തിമില, 6 ചെണ്ട, 3 മദ്ദളം എന്നിങ്ങനെ നീളും നഷ്ടങ്ങളുടെ കണക്ക്. കലകളുടെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന അന്നമനടയില്‍ കലകളില്‍ മികച്ച രീതിയിലുള്ള പഠനം സാദ്ധ്യമാക്കുന്നതിനായി പഞ്ചായത്തിന്റെ കീഴില്‍ 2001 ലാണ് അച്ചുതമാരാര്‍ വാദ്യകലാ കേന്ദ്രം ആരംഭിച്ചത്. വര്‍ഷങ്ങളുടെ അധ്വാനത്തില്‍ കെട്ടിടവും വാദ്യോപകരണങ്ങളും ഇവിടെ ഒരുങ്ങി.
ഇതിനോടകം ഇരുപതിലധികം ബാച്ചുകളാണ് വിവിധ വാദ്യോപകരങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. പഞ്ചവാദ്യം, തിമില എന്നിവയില്‍ അന്നമനട മുരളീധര മാരാരും മേളത്തില്‍ കൊരട്ടി രാമനാശാനുമാണ് ഗുരുക്കന്‍മാര്‍. മികച്ച രീതിയില്‍ പഠനവും അരങ്ങേറ്റവും നടന്നിരുന്ന കേന്ദ്രത്തില്‍ പ്രളയം വരുത്തിയത് തീരാനഷ്ടമാണ്. ലക്ഷങ്ങളുടെ നഷ്ടം ഇനി എങ്ങിനെ പരിഹരിക്കണമെന്ന് അറിയാതെ ഇരിക്കുകയാണ് അധികൃതരും കലാസ്‌നേഹികളും. പ്രളയത്തെ തുടര്‍ന്ന് ചെളിയും മറ്റും കയറി നശിച്ച കെട്ടിടം ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തിയാണ് വൃത്തിയാക്കിയത്.
ശുചീകരണവും മറ്റും കഴിഞ്ഞെങ്കിലും വാദ്യോപകരണങ്ങള്‍ നശിച്ചതിനാല്‍ പഠനം ആരംഭിക്കാന്‍ ആയിട്ടില്ല. വൈകാതെ പഠനം ആരംഭിക്കാന്‍ ആകുമെന്ന് അധ്യാപകനായ മുരളീധരന്‍ മാരാര്‍ പറഞ്ഞു. വാദ്യോപകരങ്ങള്‍ തയ്യാറാക്കി വിജയദശമി ദിനത്തില്‍ അരങ്ങേറ്റം നടത്താന്‍ ആകുമെന്ന കാര്യത്തിലും ആശങ്കയുണ്ട്. എന്നാല്‍ ഇതിനായി കഠിന ശ്രമം നടത്തുമെന്നും മുരളീധര മാരാര്‍ പറഞ്ഞു. അന്നമനട ത്രയത്തിന്റെ നാട്ടില്‍ ഇനിയുമേറെ കലാകാരന്‍മാരും കലാകാരികളും ഉയര്‍ത്തെഴുന്നേല്‍ക്കാനാകുന്ന ഈ വാദ്യകലാ കേന്ദ്രത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് സാദ്ധ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."