മണക്കടവിനെ ഭീതിയിലാഴ്ത്തി കുളമ്പുരോഗം പടരുന്നു
ആലക്കോട്: മണക്കടവ് മേഖലയില്‍ കുളമ്പുരോഗം പടര്‍ന്നിട്ടും അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നില്ലന്ന് പരാതി. കറവയുള്ളതടക്കം നിരവധി പശുക്കള്‍ ചാവുകയും ഒട്ടേറെ പശുക്കള്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. മണക്കടവ്, ചീക്കാട്, മൂരിക്കടവ്, വായിക്കമ്പ പ്രദേശങ്ങളിലാണ് രോഗം വ്യാപകമായത്. ആഴ്ചകള്‍ക്കു മുന്‍പാണ് രോഗം കണ്ടുതുടങ്ങിയത്.
പ്രതിരോധ കുത്തിവയ്പ് നടത്തിയ പശുക്കളാണ് ആദ്യം ചത്തതെന്ന് കര്‍ഷകര്‍ പറയുന്നു. രോഗവിവരം അറിയിക്കുമ്പോള്‍ തന്നെ വെറ്ററിനറി ഡോക്ടര്‍ സ്ഥലത്തെത്തി കുത്തിവയ്പ് നടത്തുന്നുണ്ടെങ്കിലും വ്യാപകമാകുന്ന രോഗം നിയന്ത്രിക്കാനുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ല. ബോധവല്‍കരണം, പ്രതിരോധ കുത്തിവയ്പ് തുടങ്ങിയവ നടത്തേണ്ട അധികൃതര്‍ അലംഭാവം കാട്ടുകയാണെന്നും ആക്ഷേപമുണ്ട്. പ്രതിരോധ കുത്തിവയ്പ്പിനു വരുന്നതിനു ഡോക്ടര്‍മാര്‍ വന്‍തുക പ്രതിഫലവും വാങ്ങുന്നുണ്ടത്രെ. മഴമൂലം ഏതാനും മാസങ്ങളായി സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ മിക്ക ക്ഷീരകര്‍ഷകരും പശുക്കളുടെ ഇന്‍ഷുറന്‍സ് പുതുക്കിയിരുന്നില്ല. ഇതിനാല്‍ പലര്‍ക്കും ഇന്‍ഷുറന്‍സ് തുകയും ലഭിക്കാനിടയില്ല. കൃഷിമേഖല പാടെ തകര്‍ന്നതിനെത്തുടര്‍ന്നാണ് പലരും ക്ഷീരകൃഷിയിലേക്കു തിരിഞ്ഞത്. മേഖലയിലെ നല്ലൊരു ശതമാനം ജനങ്ങളും ഇപ്പോള്‍ ക്ഷീരകര്‍ഷകരാണ്. ഇവര്‍ക്കാണ് ഇരുട്ടടിയായാണ് പുതിയ പ്രതിസന്ധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."