ബശീറലി ശിഹാബ് തങ്ങളുടെ 'ബാപ്പ ഓര്‍മയിലെ നനവ്' പ്രകാശനം ചെയ്തു
ശിഹാബ് തങ്ങള്‍ ഓര്‍മ്മകളിലെ മരുപ്പച്ച: അഡ്വ. മുഹമ്മദ് അല്‍ അവാമി അല്‍ മന്‍സൂരി
ഷാര്‍ജ: കേരളത്തിന്റെ സാമുഹിക രാഷ്ട്രീയ മത രംഗത്ത് തങ്കലിപികളാല്‍ എഴുതപ്പെട്ട നാമമായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് ശിഹാബ് തങ്ങളുടെ മകന്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എഴുതിയ കണ്ണീരിന്റെ നനവുള്ള ഓര്‍മ്മ പുസ്തകം 'ബാപ്പ ഓര്‍മ്മയിലെ നനവ്' പ്രകാശനം ചെയ്തു. ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ നടന്ന ചടങ്ങില്‍ പുസ്തകത്തിന്റെ പ്രകാശനം യു.എ.ഇയിലെ പ്രമുഖ നിയമ വിദഗ്ദനും ഗ്രന്ഥകാരനുമായ അഡ്വ. മുഹമ്മദ് അല്‍ അവാമി അല്‍ മന്‍സൂരി നിര്‍വഹിച്ചു. ആദ്യ കോപ്പി യു.എ.ഇ കെ.എം.സി.സി മുഖ്യ ഉപദേഷ്ടാവ് എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യിദ്ദീന്‍ ഏറ്റ് വാങ്ങി.
ഇന്ത്യാ അറബ് സൗഹൃദം ഒരു നിത്യ വസന്തമായി നിലനില്‍ക്കുവാന്‍ സ്തുദ്യര്‍ഹമായ സേവനം ചെയ്ത മര്‍ഹൂം ശിഹാബ് തങ്ങള്‍ എന്നും സ്മരണകളിലെ മരുപ്പച്ചയായി നിലകൊള്ളുന്ന മഹല്‍ വ്യക്തിത്വമാണെന്ന അഡ്വ. മുഹമ്മദ് അല്‍ അവാമി അല്‍ മന്‍സൂരി പറഞ്ഞു. ഒരു വ്യക്തി എന്നതിലുപരി എല്ലാവര്‍ക്കും തങ്ങള്‍ സ്‌നേഹത്തണലായി നിലകൊണ്ടു എന്നത് പ്രത്യേകം സ്മരണീയമാണ്. തങ്ങളുടെ സ്മരണകള്‍ നിലനിറുത്താന്‍ സമൂഹം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തങ്ങളുടെ പുത്രന്‍ സയ്യിദ് ബശീര്‍ അലി ശിഹാബ് തങ്ങള്‍ രചിച്ച ഗ്രന്ഥം പ്രകാശനം ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ. പി ജോണ്‍സണ്‍, ഹമീദ് (ഷാര്‍ജ കെഎംസിസി ), അഡ്വ സാജിദ് അബൂബക്കര്‍ (ദുബൈ കെഎംസിസി ), എ സി ഇസ്മായില്‍, ചാക്കോ ഇരിങ്ങാലക്കുട, പുന്നാക്കന്‍ മുഹമ്മദലി (ഇന്‍കാസ് യു.എ.ഇ) ഷുഹൈബ് തങ്ങള്‍, എ.ബി. ആര്‍ അക്കാദമി ചെയര്‍മാന്‍ ഡോ. പി.ടി അബ്ദു റഹ്മാന്‍ മുഹമ്മദ്, കണ്‍സള്‍ട്ടന്റ് മുഅയ്യദ്, ഷിയാസ് സുല്‍ത്താന്‍, പി.വി ജാബിര്‍, മുന്‍സിര്‍ അറ്റ്‌ലസ്, ലിപി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു.
ശിഹാബ് തങ്ങളുടെ പൈതൃക വേരുകള്‍, അന്തര്‍ദേശീയവിദ്യാഭ്യാസം, ഭൂഖാണ്ഡാന്തരയാത്ര, കേരളീയ ജനതയുടെ സ്വസ്ത ജീവിതത്തിന് കാവല്‍ നിന്ന് ശിഹാബ് തങ്ങളെടുത്ത നിലപാടുകള്‍, രാഷ്ട്രീയത്തിലെ വ്യതിരുക്തമായ ഇടപെടുലുകള്‍, ശിഹാബ് തങ്ങളുടെ നര്‍മ്മം, അശരണര്‍ക്കായുള്ള നിതാന്ത ജാഗ്രന്ത എന്നിവയുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ബശീറലി തങ്ങളുടെ അവിസ്മരണീയമായ ഓര്‍മ്മകളാണ് പുസ്തകം. കോഴിക്കോട് ആസ്ഥാനമായുള്ള ലിപി പബ്ലിക്കേഷനാണ് പുസ്തകം പ്രസാധനം ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."