ടാങ്കര്‍ അഴിമതി: കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്തു
ന്യൂഡല്‍ഹി: ടാങ്കര്‍ മാഫിയകളില്‍ നിന്നു കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ അഴിമതിവിരുദ്ധ വിഭാഗം (എ.സി.ബി) ചോദ്യംചെയ്തു. ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാറിന് എ.സി.ബി നോട്ടിസ് അയച്ചിരുന്നു. ഇന്നലെ 11.30ന് എ.സി.ബി ആസ്ഥാനത്തെത്തിയ ബിഭവ് കുമാറിനെ മുതിര്‍ന്ന ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു.
2012ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹി ജല്‍ ബോര്‍ഡ് 385 സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വാട്ടര്‍ ടാങ്കറുകള്‍ വാങ്ങിയതില്‍ വ്യാപക ക്രമക്കേടും അഴിമതിയും നടന്നുവെന്ന ആരോപണമാണ് കേസിനാധാരം. അഴിമതി അന്വേഷിക്കാന്‍ 2015 ജൂണില്‍ കെജ്രിവാള് സര്‍ക്കാര്‍ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ ഷീലാ ദീക്ഷിദിനെ എ.സി.ബി ചോദ്യംചെയ്തിരുന്നു. ഇതിനു പിന്നാലെ ടാങ്കര്‍ ഇടപാട് അന്വേഷണത്തെ കെജ്രിവാള് സ്വാധീനംചെലുത്തിയെന്ന് എ.എ.പിയില്‍ നിന്നു പുറത്തുപോയ മുന്‍ മന്ത്രി കപില്‍ മിശ്ര ആരോപിച്ചതോടെയാണ് കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യുന്നതിലേക്ക് എത്തിയത്. അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍ ലഫ്. ഗവര്‍ണറായിരുന്ന നജീബ് ജങ്ങിനു മുന്‍പാകെ എത്തുന്നതു വൈകിപ്പിക്കണമെന്ന് കെജരിവാളിന്റെ സഹായി ആവശ്യപ്പെട്ടെന്നായിരുന്നു കപിലിന്റെ ആരോപണം.
ഇതേതുടര്‍ന്ന് അദ്ദേഹത്തിന്റെ മൊഴിയും എ.സി.ബി രേഖപ്പെടുത്തുകയുണ്ടായി. ഇതിനു പിന്നാലെയാണ് ബിഭവിനെ ചോദ്യംചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."