ബസില്‍ നിന്നും കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു
തൃശൂര്‍: ശക്തന്‍നഗര്‍ ബസ് സ്റ്റാന്റഡിനു സമീപം മുണ്ടുപാലം റോഡില്‍ ഉപേക്ഷിച്ചനിലയില്‍ കിടക്കുന്ന ബസില്‍ കണ്ടെത്തിയ അഴുകിയ മൃതദേഹം പുറത്തെടുത്തു. ഫോറന്‍സിക്, ഫിംഗര്‍പ്രിന്റ് വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മൃതദേഹത്തിനു സമീപത്തുനിന്നും ഷര്‍ട്ടിന്റെയും മുണ്ടിന്റെയും അവശിഷ്ടവും ഒരു കൊന്തയുമാണ് ലഭിച്ചത്. ഇവ പരിശോധനക്കെടുത്തിട്ടുണ്ട്. മൃതദേഹാവശിഷ്ടം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. കോര്‍പറേഷന്റെ ശുചീകരണ വിഭാഗം തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നെടുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ട്. പൂര്‍ണമായും ജീര്‍ണിച്ച മൃതദേഹത്തില്‍നിന്നും രൂക്ഷമായ ഗന്ധം വമിച്ചിരുന്നു. സിറ്റി പൊലിസ് കമ്മീഷണര്‍ ഡോ. ഹിമേന്ദ്രനാഥിന്റെ നിര്‍ദേശാനുസരണം എ.സി.പി കെ.പി ജോസ്, വെസ്റ്റ് സി.ഐ വി.കെ രാജു, നെടുപുഴ എസ്.ഐ എസ്.ഷാജി എന്നിവര്‍ പരിശോധനകള്‍ക്കു നേതൃത്വം നല്കി. വഴിയരികില്‍ ഉപേക്ഷിച്ചശേഷം ദ്രവിച്ചനിലയില്‍ കിടക്കുന്ന ബസ് മറയാക്കി ഈ പ്രദേശത്ത് കക്കൂസ് മാലിന്യം കൊണ്ടുവന്നു തള്ളുന്നതും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പതിവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."