മഞ്ചേരി സ്റ്റേഡിയം: ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കല്‍ ഉടന്‍
മലപ്പുറം: പയ്യനാട് സ്റ്റേഡിയത്തില്‍ ഫ്‌ളഡ്‌ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങളായി. ഒരു മാസത്തിനകം ഇതിന്റെ നിര്‍മാണം തുടങ്ങും. ബംഗളുരു ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് നിര്‍മാണം ഏറ്റെടുത്തിട്ടുള്ളത്. 4.01 കോടി രൂപയാണ് ഫ്‌ളഡ്‌ലൈറ്റ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ചത്. ഇതോടൊപ്പം പുല്ല് വച്ച് പിടിപ്പിക്കുന്ന പ്രവൃത്തികളും നടക്കും. ജില്ലാ നിര്‍മിതി കേന്ദ്രയാണ് പുല്ല് വച്ച് പിടിപ്പിക്കുന്നത്. സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാര്‍ഷിക യോഗത്തിലാണ് പുതിയ തീരുമാനം. അടുത്ത അധ്യായന വര്‍ഷം മുതല്‍ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും .സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ജില്ലയില്‍ ആറ് ഹോസ്റ്റലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മൂന്നെണ്ണം വിദ്യാലയങ്ങളും ബാക്കിയുള്ളവ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നേരിട്ടുമാണ് നടത്തുന്നത്. നിറമരുതൂര്‍, മഞ്ചേരി, പൊന്നാനി ഹോസ്റ്റലുകളാണ് കൗണ്‍സില്‍ നേരിട്ട് നടത്തുന്നത്.
മലപ്പുറം എം.എസ്.പി, മമ്പാട് എം.ഇ.എസ്, കൊണ്ടോട്ടി ഇ.എം.ഇ.എ എന്നിവയാണ് മറ്റുള്ളവ. ഇതിന് പുറമെ പ്രാദേശിക പരിശീലന കേന്ദ്രങ്ങളും കൗണ്‍സില്‍ നടത്തുന്നുണ്ട്. കോട്ടപ്പടി ഫുട്‌ബോള്‍ അക്കാദമി, പയ്യനാട് ഫുട്‌ബോള്‍ അക്കാദമി, മഞ്ചേരി അത്‌ലറ്റിക്‌സ് അക്കാദമി, പൊന്നാനി കയാക്കിങ് അക്കാദമി എന്നിവയും പ്രവര്‍ത്തിക്കുന്നു. ജനറല്‍ ബോഡി യോഗത്തില്‍ എ.ഡി.എം വി. രാമചന്ദ്രന്‍ അധ്യക്ഷനായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.കെ ഷംസുദ്ദീന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ എ. ശ്രീകുമാര്‍, എസ്.കെ ഉണ്ണി, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്ത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജു നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."