കോടിയേരിയുടെ വിവാദ പ്രസംഗത്തെ ചൊല്ലി കോര്‍പറേഷന്‍ കൗണ്‍സിലില്‍ ബഹളം യു.ഡി.എഫിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു
കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍ നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ ചൊല്ലി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷ നേതാവ് അഡ്വ. പി.എം സുരേഷ്ബാബുവാണു പ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാല്‍ വിഷയത്തിന് അടിയന്തര പ്രാധാന്യമില്ലെന്നു ചൂണ്ടിക്കാട്ടി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രമേയം തള്ളുകയായിരുന്നു.
ഇതോടെ പ്രതിഷേധവുമായി യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ എഴുന്നേറ്റു. മേയറുടെ നടപടിയെ ന്യായീകരിച്ചു ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തിയതോടെ യോഗം ബഹളത്തില്‍ മുങ്ങി. എന്നാല്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ചു പ്രമേയത്തിന് അനുമതി നിഷേധിക്കുകയാണെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി അല്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോര്‍പറേഷന്‍ സ്പില്‍ ഓവര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനു കൂടുതല്‍ സമയം അനുവദിക്കണമെന്ന സി.പി.എമ്മിലെ പി.സി രാജന്റെ അടിയന്തര പ്രമേയത്തിന് മേയര്‍ അനുമതി നല്‍കി. ഇതു പ്രതിപക്ഷത്തെ കൂടുതല്‍ ചൊടിപ്പിച്ചു. പി.സി രാജന്‍ പ്രമേയം വായിക്കുന്നതിനിടെ യോഗത്തില്‍ ബഹളം തുടങ്ങി. രാജന്റെ പ്രമേയം അടിയന്തര സ്വഭാവമില്ലാത്തതാണെന്നും സാധാരണ പ്രമേയമായി വന്നാല്‍ മതിയെന്നും പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹ്മാന്‍ പറഞ്ഞു. കോടിയേരിയുടെ പ്രസംഗം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തതാണെന്നും രാഷ്ട്രീയത്തിന്റെ പേരില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നതു ശരിയല്ലെന്നും യു.ഡി.എഫ് അംഗങ്ങളായ പി. കിഷന്‍ചന്ദ്, അഡ്വ. വിദ്യ ബാലകൃഷ്ണന്‍, എം. കുഞ്ഞാമുട്ടി എന്നിവര്‍ ചൂണ്ടിക്കാട്ടി. സുരേഷ്ബാബുവിന്റെ പ്രമേയം നിരാകരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് സി. അബ്ദുറഹ്മാനും കെ.സി ശോഭിതയും ആവശ്യപ്പെട്ടു. എന്നാല്‍, വിഷയത്തില്‍ റൂളിങ് നല്‍കിക്കഴിഞ്ഞുവെന്നും കൂടുതല്‍ ചര്‍ച്ചയില്ലെന്നും മേയര്‍ പറഞ്ഞതോടെ ബഹളം അവസാനിക്കുകയായിരുന്നു.
വിവിധ ക്ഷേമ പെന്‍ഷനുകള്‍ അര്‍ഹരായവര്‍ക്കു വീട്ടിലെത്തിക്കുന്നതിനു മുന്നോടിയായി നടക്കുന്ന സര്‍വേ കുടുംബശ്രീയെ ഏല്‍പ്പിച്ചതിനെ ചൊല്ലിയും കൗണ്‍സില്‍ യോഗത്തില്‍ വാഗ്വാദമുയര്‍ന്നു. കുടുംബശ്രീയെ ഏല്‍പ്പിച്ചതിനാല്‍ സി.പി.എമ്മുകാരുടെ വീടുകളില്‍ മാത്രമാണ് സര്‍വേ നടന്നതെന്ന യു.ഡി.എഫിലെ എം.സി സുധാമണിയുടെ പരാമര്‍ശം സി.പി.എം അംഗങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. കൗണ്‍സിലര്‍മാരുമായി ബന്ധപ്പെട്ടു മാത്രമേ സര്‍വേ നടത്താവൂവെന്നു നിര്‍ദേശം നല്‍കിയതായി മേയര്‍ അറിയിച്ചതിനെ തുടര്‍ന്നാണു തര്‍ക്കം തീര്‍ന്നത്. കോര്‍പറേഷനിലെ കണ്ടിജന്‍സി ജീവനക്കാരുടെ നടക്കാവിലെ കോളനികളിലെ വീടുകള്‍ നിലംപൊത്താറായ നിലയിലാണെന്ന് ഇക്കാര്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാന്‍ എസ്റ്റിമേറ്റ് തയാറാക്കുന്ന നടപടി തുടങ്ങിയതായി മേയര്‍ അറിയിച്ചു. നിലവിലുള്ള കെട്ടിടങ്ങളില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തും.
കല്ലുത്താന്‍കടവ് ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയം കൗണ്‍സിലില്‍ ചര്‍ച്ചയായി. അരമന ഡവലപ്പേഴ്‌സ് എന്ന കമ്പനിക്കാണു കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ കല്ലുത്താന്‍കടവ് ഏരിയാ ഡവലപ്‌മെന്റ് കമ്പനി എന്ന സ്ഥാപനത്തിനു കരാര്‍ മറിച്ചുനല്‍കുകയായിരുന്നുവെന്ന് യു.ഡി.എഫ് അംഗങ്ങള്‍ കുറ്റപ്പെടുത്തി. സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിര്‍ദേശിച്ച പ്രകാരമാണ് ഇത്തരമൊരു വ്യവസ്ഥ വന്നതെന്നായിരുന്നു മേയറുടെ വിശദീകരണം. കൗണ്‍സില്‍ അറിയാതെ ഇത്തരമൊരു വ്യവസ്ഥ വന്നതിനെ യു.ഡി.എഫ് അംഗങ്ങള്‍ ചോദ്യം ചെയ്തു. ഇതിലുണ്ടായ നിയമലംഘനം പരിശോധിക്കണമെന്ന് അഡ്വ. പി.എം സുരേഷ്ബാബു ആവശ്യപ്പെട്ടു.
ബി.ഒ.ടി അടിസ്ഥാനത്തിലാണ് അരമന ഡവലപ്പേഴ്‌സിനു കരാര്‍ നല്‍കിയത്. സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ പ്രകാരം കരാര്‍ കൈമാറ്റം ചെയ്യാന്‍ കമ്പനിക്ക് അധികാരമുണ്ടെന്നു മരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ എം.സി അനില്‍കുമാര്‍ അവകാശപ്പെട്ടു. കൗണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാത്തതിനെ കെ.ടി ബീരാന്‍കോയ, പി. ഉഷാദേവി ടീച്ചര്‍ എന്നിവര്‍ ചോദ്യം ചെയ്തു. ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട ഫയല്‍ വിജിലന്‍സിന്റെ കൈയിലാണെന്നും ഫയല്‍ കിട്ടുന്ന മുറയ്ക്കു നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു.
കോതിപ്പാലം അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട് ചാമുണ്ടിവളപ്പ് പ്രദേശത്ത് മാറ്റിപ്പാര്‍പ്പിച്ച 200 കുടുംബങ്ങള്‍ക്കായി സ്‌പെഷല്‍ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സി.കെ സീനത്ത് അവതരിപ്പിച്ച പ്രമേയം കൗണ്‍സില്‍ അംഗീകരിച്ചു. ചുറ്റുമതിലിന് ഉയരം നിജപ്പെടുത്തുന്നതു സംബന്ധിച്ചു നിയമപരമായ വ്യവസ്ഥകളുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.കെ റഫീഖാണ് ഇതുസംബന്ധിച്ചു പ്രമേയം അവതരിപ്പിച്ചത്. ആര്‍.എസ്.ബി.വൈ ആരോഗ്യ ഇന്‍ഷുറന്‍സിന് രജിസ്റ്റര്‍ ചെയ്യുന്നതിനു നിലവിലുള്ള വരുമാന പരിധി 600ല്‍ നിന്ന് ആയിരമാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെ. നജ്മ അവതരിപ്പിച്ച പ്രമേയവും അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."