വിജയ സമരം
കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജങ്ഷന് സമീപം കന്യാസ്ത്രീകള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു.
പ്രത്യക്ഷ സമരപരിപാടികള്‍ അവസാനിപ്പിച്ചതായി സമരസമതി കണ്‍വീനര്‍ ഫാ. അഗസ്റ്റിന് വട്ടോളി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുന്നതിന് ഇന്ന് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ 11ന് കെ.എസ്.ഇ.ബി ഹാളിലാണ് യോഗം.
ഇത് അമിത ആഹ്ലാദത്തിനുള്ള സമയമല്ലെന്ന് സമരത്തിന് ചുക്കാന്‍ പിടിച്ച ഫാ. അഗസ്റ്റിന് വട്ടോളി പറഞ്ഞു. ബലിഷ്ഠമായ ഒരു സംവിധാനത്തിലാണ് കന്യാസ്ത്രീകളുള്ളത്. അവര്‍ക്ക് സ്വതന്ത്രമായി, ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണം. സമരം അവസാനിപ്പിച്ചാലും കേരള ജനത അവര്‍ക്കൊപ്പമുണ്ടെന്ന് മേല്‍ത്തട്ടിലുള്ളവര്‍ക്ക് ബോധ്യമാകണം. എത്രയും വേഗം നീതി ലഭ്യമാക്കണം, അതിന് നിയമവശങ്ങള്‍ കൃത്യമായി പഠിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ച് ദിവസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് പ്രത്യക്ഷസമരം അവസാനിപ്പിച്ച് കന്യാസ്ത്രീകള്‍ മഠത്തിലേക്ക് മടങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12ഓടെ സമരപ്പന്തലിലെത്തിയ കന്യാസ്ത്രീകളെ മുദ്രാവാക്യം മുഴക്കിയും കൈയടിച്ചുമാണ് സമരവേദിയിലെത്തിയവര്‍ എതിരേറ്റത്. സമരത്തില്‍ പിന്തുണനല്കിയ എല്ലാവര്ക്കും കന്യാസ്ത്രീകള്‍ നന്ദി പറഞ്ഞു. നന്ദി പറയുന്നതിനിടെ ചിലര്‍ വിതുമ്പിക്കരയുന്നുണ്ടായിരുന്നു.
സമരത്തിന്റെ ആദ്യദിവസം മുതല്‍ നിരാഹാരം കിടന്ന സ്റ്റീഫന്‍ മാത്യുവിനെ കൈയടികളോടെയാണ് സമരാനുകൂലികള്‍ സ്വീകരിച്ചത്. അദ്ദേഹത്തോടൊപ്പം നിരാഹാരം കിടന്ന ജോസ് ജോസഫ്, അലോഷ്യ ജോസഫ്, കന്യാസ്ത്രീയുടെ സഹോദരി, പി.ഗീത എന്നിവരെയും ആദരിച്ചു. നന്ദിവാക്കുകള്‍ക്ക് ശേഷം ആലുവ യു.സി.കോളജ് വിദ്യാര്‍ഥികള്‍ തയാറാക്കിയ തെരുവുനാടകം അരങ്ങേറി. തുടര്‍ന്ന് എല്ലാവര്ക്കും മധുരം വിതരണം ചെയ്തതോടെ ദിവസങ്ങള്‍ നീണ്ട സമരത്തിന് അവസാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."