ഇബ്റാഹീംകുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ചു
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡിലായി ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി.കെ ഇബ്റാഹീംകുഞ്ഞിന്റെ ആരോഗ്യനില പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിച്ചു. കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിലെ ആറ് വിദഗ്ധ ഡോക്ടര്‍മാരാണ് അദ്ദേഹത്തെ പരിശോധിച്ചത്. രാവിലെ പതിനൊന്നോടെ ഇബ്റാഹീംകുഞ്ഞ് ചികിത്സയില്‍ കഴിയുന്ന ലേക്ഷോര് ആശുപത്രിയിലെത്തിയ സംഘം രണ്ടര മണിക്കൂറോളം അദ്ദേഹത്തെ പരിശോധിച്ചു. ജനറല്‍ മെഡിസിന്, കാര്‍ഡിയോളജി, പള്‍മണോളജി, ഓങ്കോളജി, സൈക്കോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് പരിശോധന നടത്തിയത്. ഇബ്റാഹീംകുഞ്ഞിന്റെ ശാരീരിക -മാനസിക നിലയാണ് സംഘം പരിശോധിച്ചത്. ബോര്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് കൂടിയാലോചിച്ച ശേഷം റിപ്പോര്‍ട്ട് തയാറാക്കി ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് കൂടിയായ മെഡിക്കല്‍ ബോര്‍ഡ് അധ്യക്ഷ ഡോ.അനിത മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനുശേഷമായിരിക്കും ഇബ്റാഹീംകുഞ്ഞിനെ കസ്റ്റഡിയില്‍ വേണമെന്ന വിജിലന്‍സിന്റെ അപേക്ഷയില്‍ കോടതി തീരുമാനമെടുക്കുക. 24ന് തന്നെ ഇബ്റാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."