വ്യാജ അക്കൗണ്ടുകള്‍ വഴി ഓണ്‍ലൈന്‍ ബിസിനസ്; തട്ടിപ്പിലൂടെ കൊയ്യുന്നത് കോടികള്‍
മലപ്പുറം: വിവിധ കമ്പനികളുടേതെന്ന വ്യാജേന വെബ്സൈറ്റുകള്‍ തയാറാക്കി ഉല്പന്നങ്ങള്ക്ക് ഓര്‍ഡര്‍ സ്വീകരിച്ചു പണം കൊയ്യുകയാണ് ഹൈടെക് തട്ടിപ്പിന്റെ രീതി.
തട്ടിപ്പുരീതിയെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: 'ഇവരുടെ വെബ്സൈറ്റില്‍ ഉല്പന്നങ്ങള്ക്കായി സെര്‍ച്ച് ചെയ്താല്‍ ഉടന്‍ മെസേജ് ലഭിക്കും. തുടര്‍ന്ന് ഇമെയില്‍ മുഖേനയോ വിര്‍ച്വല്‍ നമ്പറുകള്‍ മുഖേനെയോ ഇരകളെ ബന്ധപ്പെടും. ഉല്പന്നം വാങ്ങാന്‍ തയാറാണെന്ന് തോന്നിയാല്‍ കമ്പനികളുടേതാണെന്ന് വിശ്വസിപ്പിക്കുന്നതിന് വ്യാജ ലൈസന്‍സുകളും ഇതര രേഖകളും തയാറാക്കി അയച്ചുകൊടുക്കും.
പിന്നീട് ഉല്പന്നത്തിന്റെ വിലയുടെ നിശ്ചിത ശതമാനം മുന്‍കൂറായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെടുന്നു. പണം അടക്കുന്നതോടെ ഉല്പന്നം കൊറിയര്‍ ചെയ്തതായി കണ്സൈന്മെന്റ് നമ്പര്‍ സഹിതം മെസേജ് അയക്കും. പിന്നീട് പ്രതികള്‍ തന്നെ, വിവിധ കൊറിയര്‍ കമ്പനികളുടേതെന്ന വ്യാജേന തയാറാക്കിയ വെബ്സൈറ്റുകളില്‍ ഈ കണ്സൈന്മെന്റ് നമ്പര്‍ ട്രാക്ക് ചെയ്യാനാകുമെന്നതിനാല്‍ ഇത് പരിശോധിക്കുന്ന ഇരകള്‍ക്കു കൂടുതല്‍ വിശ്വാസ്യത തോന്നും.
പിന്നീട് കൊറിയര്‍ കമ്പനിയില്‍ നിന്നെന്ന മട്ടില്‍ ഇന്‍ഷുറന്‍സായി നിശ്ചിത തുക അടക്കണമെന്നും ആവശ്യപ്പെടും. ഇതോടെ ഇര വീണ്ടും പണം അടക്കുകയും ഭീമമായ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."