ലഹരി മാഫിയക്കെതിരേ കരുതല്‍ വേണം: പിണറായി
തൊടുപുഴ: യുവതലമുറയെ വഴിതെറ്റിക്കുന്ന ലഹരി മാഫിയകളുടെ നീക്കങ്ങളില്‍ കരുതല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വണ്ടിപ്പെരിയാറില്‍ എന്‍.സി.സി പരിശീലന കേന്ദ്രം, എയ്റോ സെന്റര്‍ എന്നിവയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി മാഫിയ കുട്ടികളെ വഴിതെറ്റിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. മൊബൈല്‍ ഫോണ്‍ വന്നതോടെ ബന്ധങ്ങള്‍ അതുവഴി മാത്രമായി ചുരുങ്ങി.
ചുറ്റുപാടില്‍ നടക്കുന്ന സംഭവങ്ങള്‍പോലും നേരിട്ട് മനസ്സിലാക്കാന്‍ കഴിയുന്നില്ല. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് പലരും ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ അറിയുന്നത്. മൊബൈല്‍ ഫോണിന്റെ തെറ്റായ ഉപയോഗംമൂലം അപകടങ്ങളും പതിവാകുകയാണ്.
യുവാക്കള്‍ നേരിടുന്ന വിപത്തുകള്ക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എന്‍.സി.സി കേഡറ്റുകള്‍ സജീവമാകണം. ഐക്യവും അച്ചടക്കവും സമൂഹത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇത് രണ്ടും എന്‍.സി.സി യുവതലമുറക്ക് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."