'വിജിലന്‍സ് മുഖ്യമന്ത്രിയുടെ വകുപ്പ്, അപ്പോള്‍ വട്ട് ആര്‍ക്കാണെന്ന് ധനമന്ത്രി വ്യക്തമാക്കണം'- സര്‍ക്കാറിനെതിരെ ചെന്നിത്തല
കോഴിക്കോട്: കഴിഞ്ഞ ദിവസം നടന്ന കെ.എസ്.എഫ്.ഇ റെയ്ഡിനു പിന്നാലെ കേരള സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി തോമസ് ഐസക് എന്തിന്റെ പേരിലാണ് ഉറഞ്ഞു തുള്ളുന്നതെന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം വകുപ്പിലെ അഴിമതി കണ്ടെത്തുന്നത് ധനമന്ത്രിക്ക് സഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലന്‍സ്. അപ്പോള്‍ മുഖ്യമന്ത്രിക്കാണോ വട്ടെന്ന് ഐസക് വ്യക്തമാക്കണമെന്നും ചെന്നിത്തല പരിഹസിച്ചു. കോടിയേരി മാറിയതോട് പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ നീക്കം ശക്തമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ പോരാട്ടം അല്‍.ഡി.എഫും .യു.ഡി.എഫും തമ്മില്‍. ജനങ്ങള്‍ക്ക് ബി.ജെ.പിയുടെ അസ്തിത്വം തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ അവസാനിക്കും. കെ.എസ്.എഫ്.ഇ.യില്‍ അഴിമതിയും കള്ളപ്പണവും ഉണ്ടെന്ന് പുറത്തു വരുന്നു. കെ.റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോവരുതെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
റെയ്ഡ് വിവരങ്ങള്‍ എന്തുകൊണ്ട് പുറത്തു വിട്ടില്ലെന്ന് ചോദിച്ച ചെന്നിത്തല ജനങ്ങളുടെ ആശങ്ക അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി നിപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. കെ.എസ്.എഫ്.ഇയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ കെ.എസ്.എഫ്.ഇ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി പേരില്‍ ചിട്ടി ക്രമക്കേട്, മാനേജര്‍മാരും ഉദ്യോഗസ്ഥരും അടങ്ങിയ ലോബിയുടെ തട്ടിപ്പ് എന്നിവയാണ് കണ്ടെത്തിയത്. ഓപറേഷന്‍ ബചത് എന്ന പേരിലാണ് വെള്ളിയാഴ്ചയും ഇന്നലെയുമായി സംസ്ഥാനവ്യാപകമായി വിജിലന്‍സ് പരിശോധന നടത്തിയത്.
ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ക്രമക്കേട് നടത്തുന്നതായി വിജിലന്‍സിനും മുഖ്യമന്ത്രിക്കും പരാതികള്‍ ലഭിച്ചിരുന്നു. ഇതോടൊപ്പം ചിട്ടികളിലെ ക്രമക്കേടുകളെക്കുറിച്ചും പരാതികള്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മിന്നല്‍ പരിശോധന നടത്തിയത്.
പിന്നാലെ വിജിലന്‍സ് കണ്ടെത്തലുകള്‍ ശുദ്ധ അസംബന്ധമാണെന്ന പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി. നിയമം എന്താണെന്ന് തീരുമാനിക്കേണ്ടത് വിജിലന്‍സല്ല. നിയമം വ്യാഖ്യാനിക്കാന്‍ സംസ്ഥാനത്ത് നിയമവകുപ്പുണ്ട്. കെ.എസ്.എഫ്.ഇയില്‍ വരുന്ന പണം ട്രഷറിയില്‍ അടയ്‌ക്കേണ്ട കാര്യമില്ല. ട്രഷറിയില്‍ അടയ്ക്കാനുള്ള പണമല്ല കെ.എസ്.എഫ്.ഇയില്‍ എത്തുന്നത്. കെ.എസ്.എഫ്.ഇ ഇടപാടുകളെല്ലാം സുതാര്യമാണ്. ഒരു ക്രമക്കേടും എവിടെയും നടന്നിട്ടില്ല. വിജിലന്‍സ് പരിശോധന ഇപ്പോള്‍ വേണ്ടിയിരുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.
40 ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ 35 എണ്ണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതില്‍ 20 സ്ഥാപനങ്ങളിലേത് ഗുരുതര ക്രമക്കേടാണ്. ബിനാമി പേരുകളില്‍ ജീവനക്കാര്‍ ചിട്ടിപിടിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇത് കള്ളപ്പണം വെളുപ്പിക്കാനാണെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. റെയ്ഡില്‍ ഗുരുതര ചട്ടലംഘനങ്ങള്‍ കണ്ടെത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. തൃശൂരിലെ ഒരു ബ്രാഞ്ചില്‍ രണ്ടുപേര്‍ 20 ചിട്ടിയില്‍ ചേര്‍ന്നതായി കണ്ടെത്തി. മറ്റൊരാള്‍ 10 ചിട്ടിയില്‍ ചേര്‍ന്നു. വലിയ ചിട്ടികളില്‍ ചേരാന്‍ ആളില്ലാതെ വരുമ്പോള്‍ കെ.എസ്.എഫ്.ഇയുടെ തനത് ഫണ്ടില്‍ നിന്ന് ചിട്ടിയടച്ച് ചില മാനേജര്‍മാര്‍ കള്ളക്കണക്ക് തയാറാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പിരിവ് തുക ബാങ്കുകളിലേക്കും ട്രഷറിയിലേക്കും മാറ്റുന്ന രീതിയുണ്ട്. എന്നാല്‍, പലസ്ഥലങ്ങളിലും അങ്ങനെ മാറ്റുന്നതിന് വീഴ്ചസംഭവിച്ചതായി കണ്ടെത്തി. നാല് ഓഫിസുകളില്‍ സ്വര്‍ണ പണയത്തിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങുന്ന സ്വര്‍ണം സുരക്ഷിതമായി സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് വിജിലന്‍സ് സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."