അന്ധ ദമ്പതികളുടെ വീടിനു മതിലും ഗേറ്റും നിര്‍മിച്ചുനല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
മലപ്പുറം: അന്ധരും പട്ടികജാതിക്കാരുമായ ദമ്പതിമാരുടെ വീടിനു ചുറ്റുമതിലും ഗേറ്റും നിര്‍മിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്. ചുറ്റുമതിലും ഗേറ്റും സര്‍ക്കാര്‍തലത്തില്‍ നിര്‍മിക്കുന്നതിനെ കുറിച്ചു പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്കും ജില്ലാപഞ്ചായത്ത് സെക്രട്ടറിക്കും കുഴിമണ്ണ പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസയച്ചു.
ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ജൂണ്‍ 29ന് മലപ്പുറത്തു നടക്കുന്ന സിറ്റിങ്ങില്‍ വീണ്ടും പരിഗണിക്കും. മലപ്പുറം കുഴിമണ്ണ വിളയില്‍ ടി. ബേബി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. രണ്ടു ചെറിയ കുട്ടികള്‍ക്കൊപ്പമാണ് അന്ധ ദമ്പതികള്‍ പൊതു റോഡിനടുത്തു താമസിക്കുന്നത്. വികലാംഗ പെന്‍ഷനാണ് ഏക വരുമാനം. സ്വന്തമായുള്ള മൂന്നു സെന്റ് സ്ഥലത്ത് വീടുവച്ചാണ് താമസിക്കുന്നത്.
എന്നാല്‍, മതിലും ഗേറ്റും ഇല്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം നിരന്തരം നേരിടുന്നതായി പരാതിയില്‍ പറയുന്നു.
പറമ്പില്കയറി ശുചിമുറി വൃത്തികേടാക്കുന്നതും പതിവാണ്. നേരത്തെ മോഷണവും നടന്നു. കണ്ണു കാണാത്തതിനാല്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ സുരക്ഷിതത്വം ലഭിക്കുന്നില്ലെന്നും പരാതിയില്‍ ബോധിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."