കേന്ദ്ര ന്യൂനപക്ഷ ക്ഷേമപദ്ധതി ജില്ലയില്‍ ആറ് കേന്ദ്രങ്ങളില്‍
കണ്ണൂര്‍: ന്യൂനപക്ഷ വിഭാഗങ്ങളുടെ വികസനത്തിനായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം ജില്ലയിലെ ആറ് കേന്ദ്രങ്ങളിലും നടപ്പാക്കും. ഇരിക്കൂര്‍, ഇരിട്ടി, പേരാവൂര്‍ ബ്ലോക്കുകള്‍, കണ്ണൂര്‍ കോര്‍പറേഷന്‍, തലശ്ശേരി, തളിപ്പറമ്പ് മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്. ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വയനാട്, മലപ്പുറം ജില്ലകളില്‍ നടപ്പാക്കി വരുന്ന ബഹുമുഖ വികസന പദ്ധതിയാണ് സംസ്ഥാനത്തെ കൂടുതല്‍ ന്യൂനപക്ഷ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് പി.എം.ജെ.വി.കെ എന്ന പേരില്‍ 2019-2020 വര്‍ഷം നടപ്പാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ ബ്ലോക്കുതല കമ്മിറ്റി യോഗം ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന പദ്ധതികള്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ അംഗങ്ങളുമായ ജില്ലാതല കമ്മിറ്റികള്‍ അംഗീകരിച്ചാണ് സംസ്ഥാന കമ്മിറ്റിയുടെ പരിഗണനക്കായി സമര്‍പ്പിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സണ്ണി ജോസഫ് എം.എല്‍.എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടി.ടി റംല, എ.ഡി.എം ഇ മുഹമ്മദ് യൂസുഫ്, തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രന്റെ മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു. ബാബു ഗോപിനാഥ്, ഷാജി എം.എല്‍.എയുടെ പ്രതിനിധി പി.എ ജലാലുദ്ദീന്‍ അറഫാത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."