ടൂറിസം പൊലിസിന് പുതിയ യൂനിഫോം
തിരുവനന്തപുരം: ടൂറിസം പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ യൂനിഫോം. നിലവിലെ നീല നിറത്തിലുള്ള ഷര്‍ട്ടിനു പകരം ടൂറിസം പൊലിസ് ഇനി മുതല്‍ കാക്കി ഷര്‍ട്ട് ധരിക്കണം. ഷര്‍ട്ടിന്റെ ഇടതുകൈയില്‍ കേരള പൊലിസ് എന്നും വലതുകൈയ്യില്‍ ടൂറിസം പൊലിസ് എന്നും രേഖപ്പെടുത്തിയ ബാഡ്ജ് തുന്നിച്ചേര്‍ക്കും. ഷര്ട്ടിനുപുറമെ കറുത്ത നിറത്തിലുള്ള സ്ലീവ്ലെസ് ഓവര്‍കോട്ട് ധരിക്കണം. ഇതില്‍ മുന്നില്‍ ഇടതുവശത്തും പിന്നിലും വെള്ള ഫ്ളൂറസെന്റ് നിറത്തില്‍ ടൂറിസം പൊലിസ് എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കും. പരിഷ്ക്കരിച്ച യൂനിഫോം ഒക്ടോബര്‍ 15 ഓടെ നടപ്പില്‍ വരുത്താനുള്ള നടപടി പൊലിസ് ആസ്ഥാനം എസ്.പി സ്വീകരിക്കുമെന്ന് ഡി.ജി.പി ഉത്തരവിട്ടിട്ടുണ്ട്.
കാക്കിനിറത്തിന് പ്രാധാന്യമുള്ള യൂനിഫോം ടൂറിസം പൊലിസിനും ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിച്ചാണ് പുതിയ യൂനിഫോമിന്റെ രൂപകല്പന. കാക്കി നിറത്തിലുള്ള പാന്റ്സും നീല നിറത്തിലുള്ള ഷര്‍ട്ടുമാണ് നിലവില്‍ ടൂറിസം പൊലിസിന്റെ യൂനിഫോം.
ഇന്ത്യയിലാദ്യമായി വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസം സംരക്ഷണ - പൊലിസ് സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നിലവിലുണ്ടായിരുന്ന ടൂറിസം പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ പാസിങ് ഔട്ട് കഴിഞ്ഞ് പുതുതായി പൊലിസ് സേനയിലെത്തിയ വനിതാ പൊലിസുകാരെ പരിശീലനം നല്കി ടൂറിസം പൊലിസ് വിഭാഗത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ നിയോഗിച്ചിരുന്നു. അതോടൊപ്പം തന്നെ ടൂറിസം പൊലിസിന്റെ യൂനിഫോം പരിഷ്കരിച്ച് കാക്കി നിറത്തിലുള്ളതാക്കാനായുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."