തലപ്പാടി-കുന്ദാപുര പാത: എട്ടുവര്‍ഷം കൊണ്ട് വാഹനാപകടത്തില്‍ മരിച്ചത് 2500 പേര്‍
കാസര്‍കോട്: തലപ്പാടി മുതല്‍ കര്‍ണാടകയിലെ കുന്ദാപുര വരെയുള്ള ദേശീയപാതയില്‍ എട്ടുവര്‍ഷം കൊണ്ട് വാഹനാപകടത്തില്‍ മരിച്ചത് 2500 പേരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനു പുറമെ നാലായിരത്തോളം വരുന്ന ആളുകള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. 2010 മുതല്‍ 2018 വരെയുള്ള കണക്കാണ് പൊലിസ് വ്യക്തമാക്കിയത്. തലപ്പാടി മുതല്‍ കുന്ദാപുര വരെയുള്ള ദേശീയപാത 66 നാലുവരി പാതയാക്കി നവീകരിക്കുന്ന ജോലിക്കിടയിലാണ് ഇത്രയും പേര്‍ അപകടത്തില്‍ മരിച്ചതും പരുക്കേറ്റതും.
അതിനിടെ പാത കടന്നു പോകുന്ന മംഗളൂരു പമ്പ് വെല്‍ സര്‍ക്കിള്‍, സൂറത്ത്കല്‍, തെക്കോട്ടു എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന മേല്‍പാലത്തിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകാതെ വന്നതോടെ ഇത്തരം പ്രദേശങ്ങളില്‍ വാഹനാപകടങ്ങള്‍ പെരുകുന്നതായി സാമൂഹ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഭൂരിഭാഗം പ്രദേശങ്ങളിലും പാതയുടെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായതോടെ ഇരുവരി പാതയാണ് ഒരേ ഭാഗത്തേക്കു തലപ്പാടി മുതല്‍ കുന്ദാപുര വരെയുള്ളത്. നല്ല സൗകര്യങ്ങളുള്ള പാതയിലൂടെ വേഗത്തില്‍ സഞ്ചരിക്കുന്ന പല വാഹനങ്ങളും ഓടിക്കുന്നവര്‍ക്കു സ്ഥല പരിചയവും പാതയുടെ ഘടനയും മനസിലാകാതെ വരുന്നതിനെ തുടര്‍ന്നാണ് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത്. നിര്‍മാണ ജോലികള്‍ ഇപ്പോഴും നടന്നു വരുന്ന പ്രദേശങ്ങളില്‍ പൊടുന്നനെ പാതയുടെ ഗതിയും വീതിയുമൊക്കെ കുറയുന്നതോടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്ന അവസ്ഥയാണുള്ളത്.
പാത നിര്‍മാണവും മേല്‍പാല നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാക്കി പാതയില്‍ യാത്രാ സുരക്ഷിതത്വം വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് ജനം ഉന്നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആര്‍.ടി.ഒ, പൊലിസ്, ജനപ്രതിനിധികള്‍, ദേശീയപാത അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് അടിയന്തിര തീരുമാനം ഉണ്ടാക്കണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."