പത്താം തരം തുല്യത പരീക്ഷയെഴുതി 43 ആദിവാസി വിഭാഗക്കാര്‍
മലപ്പുറം: ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂനിറ്റിന് കീഴില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 43 പേര്‍ എസ്.എസ്.എല്‍.സി തുല്യതാ പരീക്ഷയെഴുതി. ഇതാദ്യമാണ് ആദിവാസി സമൂഹത്തില്‍നിന്ന് ഇത്രയും ആളുകള്‍ ഒരുമിച്ച് എസ്.എസ്.എല്‍.സി തുല്യതാ പരീക്ഷ എഴുതുന്നത്. ജെ.എസ്.എസിന്റെ വിദ്യാപദ്ധതിയുടെ ഭാഗമായാണ് പത്താം ക്ലാസ് തുല്യത പഠനത്തിന് വിവിധ ആദിവാസി വിഭാഗങ്ങളില്‍പെട്ടവരെ ഉള്‍പ്പെടുത്തി പഠന പരിപാടി ആവിഷ്‌കരിച്ചത്. മലയാളം, ഇംഗ്ലീഷ്, ഹോം സയന്‍സ്, സോഷ്യല്‍ സയന്‍സ്, ജനറല്‍ സയന്‍സ് എന്നിവയായിരുന്നു തിയറി പരീക്ഷക്കുള്ള വിഷയങ്ങള്‍.
2016-ല്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ആദര്‍ശ ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദത്തെടുത്ത കരുളായി പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളിലെ 50 പേരെ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പഞ്ചായത്തില്‍ നടപ്പാക്കിയ സമ്പൂര്‍ണ പത്താം ക്ലാസ് തുല്യത പദ്ധതിയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന ആദിവാസി വിഭാഗത്തില്‍പെട്ടവരെയാണ് വിദ്യ പദ്ധതിയിലേക്ക് കൊണ്ടുവന്നത്. ഊരുകളിലെത്തിയാണ് പലരെയും ആദ്യാക്ഷരങ്ങള്‍ അടക്കം പഠിപ്പിച്ചത്. ടോക്കിങ് പെന്‍ ഉള്‍പ്പെടെയുള്ള ആധുനിക വിദ്യാഭ്യാസ സാങ്കേതിക വിദ്യകള്‍ ഇതിനായി വിനിയോഗിച്ചു. ആദിവാസികള്‍ക്ക് മനസിലാകുന്ന സിലബസിലും അവരെ ആകര്‍ഷിക്കുന്ന രീതിയിലുമാണ് പഠനം നടത്തിയത്. ഇതിനായി പ്രത്യേക പഠനോപകരങ്ങളും പുസ്തകങ്ങളും തയാറാക്കി. ഇതോടൊപ്പം തന്നെ ആദിവാസി സമൂഹത്തിന് ഉതകുന്ന രീതിയിലുള്ള തൊഴില്‍ അധിഷ്ഠിത കോഴ്‌സുകളും പഠനത്തോടൊപ്പം ഉള്‍പ്പെടുത്തി.
പദ്ധതിയില്‍ അംഗങ്ങളായവരില്‍ മരണപ്പെട്ട ഒരാളൊഴികെ ബാക്കി 49 പേരും എസ്.എസ്.എല്‍.സി തുല്യതാ പരീക്ഷയ്ക്ക് യോഗ്യത നേടിയിരുന്നു. ഇവരില്‍ 43 പേരാണ് ഇന്നലെ പരീക്ഷ എഴുതിയത്. ജോലി കഴിഞ്ഞ് സമയം കണ്ടെത്തിയാണ് പലരും പഠിച്ചത്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ കോഴ്‌സിലാണ് ഇവര്‍ ചേര്‍ന്നത്. ജെ എസ് എസ് ചെയര്‍മാന്‍ കൂടിയായ പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍ ഭാസ്‌കരന്‍ പിള്ള അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇസ്മാഈല്‍ മൂത്തേടം, ടി.പി അഷ്‌റഫലി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍, ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍ കോയ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."