സ്വന്തം ജീവന്‍ ബലികൊടുത്ത് നൂറിലേറെപ്പേരുടെ ജീവന്‍ രക്ഷിച്ചു
ജക്കാര്‍ത്ത: നൂറുകണക്കിനുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലിനല്‍കി യുവാവ്. പാലുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമഗതാഗത നിയന്ത്രണ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായ അന്റോണിയസ് ഗുനാവന്‍ അഗുങ് ആണ് ദുരന്തഭൂമിയില്‍ വീരപരിവേഷവുമായി മരണത്തിനു കീഴടങ്ങിയത്.
വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് പാലു വിമാനത്താവളത്തിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരോടും ഉടന്‍ ഇവിടെനിന്ന് ഒഴിയാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഭൂകമ്പത്തില്‍ കണ്‍ട്രോള്‍ ടവര്‍ ആടിയുലയാന്‍ തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു നിര്‍ദേശം. റണ്‍വേയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെടുക കൂടിയായതോടെ ജീവനക്കാരെല്ലാം പരിഭ്രാന്തരായി ഓടിരക്ഷപ്പെട്ടു. എന്നാല്‍, ഈ സമയത്ത് നൂറിലേറെ യാത്രക്കാരുമായി ബാട്ടിക്ക് വിമാനം പുറപ്പെടാനിരിക്കുന്നുണ്ടായിരുന്നു. കൂടെയുള്ള സഹപ്രവര്‍ത്തകരെല്ലാം സ്ഥലം കാലിയാക്കിയെങ്കിലും അഗുങ് കണ്‍ട്രോള്‍ റൂമില്‍ തന്നെ നിലയുറപ്പിച്ചു. അങ്ങനെ വിമാനം സുരക്ഷിതമായി പുറപ്പെടുകയും ചെയ്തു.
വിമാനം പറന്നുയര്‍ന്നതിനു പിറകെ കണ്‍ട്രോള്‍ ടവര്‍ കൂടുതല്‍ ശക്തമായി കുലുങ്ങാന്‍ തുടങ്ങി. ഇതോടെ കെട്ടിടം തകര്‍ന്നുവീഴുമെന്നു ഭയന്നു നാലാംനിലയില്‍നിന്ന് അഗുങ് താഴേക്ക് എടുത്തുചാടി.
ചാട്ടത്തിന്റെ ആഘാതത്തില്‍ യുവാവിന്റെ കാല് മുറിയുകയും ആന്തരികാവയവങ്ങള്‍ക്കു സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഓടിയെത്തിയ സഹപ്രവര്‍ത്തകര്‍ അഗുങ്ങിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ നില അതീവ ഗുരുതരമാണെന്നു പറഞ്ഞ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറാന്‍ നിര്‍ദേശം നല്‍കി. ഉടന്‍ സൈനിക ഹെലികോപ്ടര്‍ എത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ഉത്തരവിട്ടു. എന്നാല്‍, ഹെലികോപ്ടര്‍ എത്തുന്നതിനുമുന്‍പ് തന്നെ 21കാരനായ അഗുങ് മരണത്തിനു കീഴടങ്ങുകയായിരുന്നു.
അടുത്ത ഒക്ടോബര്‍ 24ന് 22 വയസ് പൂര്‍ത്തിയാകാനിരിക്കുന്ന അഗുങ്ങിനെ ദുരന്തത്തിനിടയിലും വീരനായകനായി ഇന്തോനേഷ്യന്‍ ജനത ആഘോഷിക്കുകയാണ്. വീരകൃത്യത്തിനുള്ള മരണാനന്തര ബഹുമതിയായി അഗുങ്ങിന്റെ റാങ്കില്‍ രണ്ടിരട്ടി വര്‍ധിപ്പിച്ച് അഗുങ്ങിന്റെ മേധാവി ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."