പ്രസംഗം നീണ്ടു; എം.എല്‍.എയെ ലഫ്. ഗവര്‍ണര്‍ വേദിയില്‍ നിന്ന് ഇറക്കിവിട്ടു
പുതുച്ചേരി: സര്‍ക്കാരിന്റെ പരിപാടിയില്‍ പ്രസംഗം അനന്തമായി നീണ്ടതിനെ തുടര്‍ന്ന് അണ്ണാ ഡി.എം.കെ എം.എല്‍.എയോട് പ്രസംഗം അവസാനിപ്പിക്കാന്‍ ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി ആവശ്യപ്പെട്ടു. ഇത് ഇരുവരും തമ്മിലുള്ള കടുത്ത വാക്കേറ്റത്തിലാണ് കലാശിച്ചത്.
ഇന്നലെ പുതുച്ചേരിയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അനുവദിച്ചതിലും അധികം സമയം എം.എല്‍.എ പ്രസംഗിച്ചത്. ഇത് ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയെ ചൊടിപ്പിച്ചു. ഇതേ തുടര്‍ന്നാണ് പ്രസംഗം അവസാനിപ്പിക്കാന്‍ അവര്‍ ആവശ്യപ്പെട്ടത്. ഇതില്‍ ക്ഷുഭിതനായ എം.എല്‍.എ അമ്പഴകന്‍ പ്രസംഗം ഉച്ചത്തിലാക്കി. ഇതോടെ ലഫ്. ഗവര്‍ണര്‍ ഇടപെട്ട് മൈക്ക് ഓഫാക്കി. തുടര്‍ന്ന് വേദി വിട്ട എം.എല്‍.എ കിരണ്‍ ബേദിക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. അവര്‍ ലഫ്. ഗവര്‍ണറാണോ അതോ പുതുച്ചേരിയിലെ രാജകുമാരിയാണോ അവരെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. സംസ്ഥാനത്തെ ഏതാനും മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് ലഫ്. ഗവര്‍ണറും എം.എല്‍.എയും കൊമ്പുകോര്‍ത്തത്. മുഖ്യമന്ത്രി വി. നാരായണ സ്വാമി ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.
എം.എല്‍.എ പ്രസംഗിച്ച് കാടുകയറി തുടങ്ങിയതോടെ പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഒരു ഉദ്യോഗസ്ഥന്‍ കുറിപ്പ് നല്‍കി. ഇതോടെ രോഷാകുലനായ അദ്ദേഹം കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി. ഇതോടെ അദ്ദേഹത്തിന്റെ മൈക്ക് ഓഫാക്കി. ഇതില്‍ രോഷാകുലനായ എം.എല്‍.എ, ലഫ് ഗവര്‍ണറാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടി വേദിയില്‍ ബഹളം വച്ചു. ജനപ്രതിനിധികളെ ഇത്തരത്തില്‍ അവഗണിക്കുകയും പൊതുജനമധ്യത്തില്‍ അപമാനിക്കുകയും ചെയ്യരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടി അലങ്കോലമാക്കാതെ വേദി വിട്ടുപോരാന്‍ ലഫ്.ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വേദിവിട്ട അദ്ദേഹം പ്രശ്‌നത്തില്‍ ഇടപെടാന്‍ തയാറാകാത്ത മന്ത്രിമാരുടെ നടപടിയെയും ചോദ്യം ചെയ്തു. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ലഫ്. ഗവര്‍ണറായി നിയമിതയായ കിരണ്‍ ബേദിക്ക് ഒരു ജനപ്രതിനിധിയോട് വേദിവിട്ടുപോകാന്‍ പറയാന്‍ എന്ത് അവകാശമെന്നും അമ്പഴകന്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."