മണ്ണിട്ട് മൂടാതെ ഗെയില്‍ പൈപ് ലൈന്‍: പ്രദേശവാസികള്‍ ആശങ്കയില്‍
പെരിയ: മംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു പ്രകൃതിവാതകം കൊണ്ടുപോകുന്നതിനു വേണ്ടി സ്ഥാപിക്കുന്ന ഗെയില്‍ പൈപ് ലൈന്‍ മണ്ണിട്ട് മൂടാതെ കരാറുകാര്‍ സ്ഥലം വിട്ടു. ഇതേ തുടര്‍ന്ന് പൈപ് ലൈന്‍ കടന്നു പോകുന്ന പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലായി. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പരിധിയിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കുണിയ കാനം പ്രദേശത്താണ് കരാറുകാര്‍ പൈപ് ലൈന്‍ കുഴിക്കകത്തു നിലം തൊടാത്ത വിധം സ്ഥാപിച്ച ശേഷം മണ്ണിട്ടുമൂടാതെ ജോലി ഒഴിവാക്കി പോയത്. പ്രകൃതി വാതകം കൊണ്ടുപോകുന്നതിന് ഇത് കമ്മിഷന്‍ ചെയ്താല്‍ പൈപ് ലൈന്‍ മണ്ണിട്ട് മൂടാത്തതുകാരണം അപകടമുണ്ടാകുമെന്നആശങ്കയിലാണ് പ്രദേശ വാസികള്‍.
പൈപ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ പാലിക്കേണ്ട യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പല പ്രദേശങ്ങളിലും ഗെയില്‍ കരാറുകാര്‍ ഇത് സ്ഥാപിച്ചിട്ടുള്ളത്. ഇതുസംബന്ധമായി ഒട്ടേറെ പരാതികള്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജനം നല്‍കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ നടപടികളൊന്നുമെടുത്തിട്ടില്ല.
നിരവധിപേര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ് കുണിയ കാനം പ്രദേശം. രണ്ടര മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് പൈപ് ലൈന്‍ സ്ഥാപിക്കണമെന്ന മാനദണ്ഡം പോലും പാലിക്കാതെയാണ് പ്രദേശത്ത് ഇത്രയും ആഴത്തില്‍ കുഴിയെടുക്കാതെ നൂറു മീറ്ററോളം നീളത്തില്‍ പൈപ് ലൈന്‍ കടന്നു പോകുന്നത്.
പൈപ് ലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി ഇവിടെ കുഴിയെടുക്കുന്ന സമയത്ത് കൂറ്റന്‍ കരിങ്കല്‍പ്പാളി പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നിരോധിത സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുകയും ഇതേ തുടര്‍ന്ന് പ്രദേശത്തെ അന്‍പതോളം വീടുകള്‍ക്കും മറ്റും വ്യാപകമായി വിള്ളല്‍ വീഴുകയും ചെയ്തിരുന്നു.
എന്നാല്‍ വസ്തു ഉടമകള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ കമ്പനി അധികൃതര്‍ പകുതി ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയെങ്കിലും ബാക്കിയുള്ളവരുടെ കാര്യത്തില്‍ യാതൊരുവിധ തീരുമാനങ്ങളും കൈക്കൊള്ളാതെ നില്‍ക്കുന്നതിനിടയിലാണ് പൈപ് ലൈന്‍ മണ്ണിട്ടു മൂടാതെ യന്ത്രങ്ങളുടെ കരാറുകാര്‍ കടന്നു കളഞ്ഞത്.
രണ്ടുവശവും കുന്നിന്‍ ചെരുവുകളുള്ള പ്രദേശത്ത് താഴ്ഭാഗത്തു കൂടി കടന്നുപോകുന്ന പൈപ് ലൈനാണ് മണ്ണിട്ട് മൂടാത്ത അവസ്ഥയില്‍ കിടക്കുന്നത്. കുഴിക്കകത്തു നിലംതൊടാതെ കിടക്കുന്ന പൈപ്പുകള്‍ക്കടിയില്‍ കോണ്‍ക്രീറ്റ് പില്ലറുകള്‍ സ്ഥാപിച്ചു പൈപ് അതിനു മുകളിലാക്കുകയാണെങ്കില്‍ ഒരു പരിധി വരെ അപകട സാധ്യത ഒഴിവാക്കാമെങ്കിലും കരാറുകാര്‍ ഇതൊന്നും ചെയ്യാതെ സ്ഥലം വിടുകയാണുണ്ടായത്.
പൈപ് ഭൂമിയില്‍ തട്ടാതെ കുഴിയില്‍ കിടക്കുമ്പോള്‍ ഭാരം കാരണം വെല്‍ഡിങ് ജോയിന്റ് ഇളകിപ്പോയാല്‍ വാന്‍ അപകടം നടക്കുമെന്ന ആധിയിലാണ് പരിസരത്തുള്ള നൂറുകണക്കിന് വീട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."