സ്വപ്ന സാക്ഷാല്‍ക്കാരത്തിന് ഇനി 65 നാള്‍
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചിരിക്കെ ഇനിയുള്ള 65 ദിവസത്തെ എണ്ണിത്തീര്‍ക്കാനിരിക്കുകയാണ് മട്ടന്നൂരുകാര്‍. 1996 ജനുവരിയില്‍ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം ഇബ്രാഹിം വിമാനത്താവളം പ്രഖ്യാപിച്ചതിനു പിന്നാലെ നീണ്ട 22 വര്‍ഷത്തെ കാത്തിരിപ്പിന്റെ വിരാമത്തിന്റെ ദിനമാണു ഉദ്ഘാടന തിയതിയായ ഡിസംബര്‍ ഒന്‍പത്.
മട്ടന്നൂരിനടുത്ത നീര്‍വേലിയുടെ മരുമകന്‍ കൂടിയായ സി.എം ഇബ്രാഹിന്റെ പ്രഖ്യാപനത്തിനു ശേഷവും 10 വര്‍ഷമെടുത്തു വിമാനത്താവള നിര്‍മാണത്തിനു കേന്ദ്രാനുമതി ലഭിക്കാന്‍. 2005ലാണ് വിമാനത്താവളത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 192 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതോടെ വിമാനത്താവളമെന്ന പ്രതീക്ഷയ്ക്കു വകയുണ്ടായി.
2006ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ സ്ഥലമെടുപ്പിനു കിന്‍ഫ്രയെ ചുമതലപ്പെടുത്തി. സംസ്ഥാന മന്ത്രിസഭ 2000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെ പ്രതീക്ഷ ഇരട്ടിയായി.
2016 ഫെബ്രുവരി 29നാണ് വിമാനത്താവളത്തില്‍ ആദ്യപരീക്ഷണ പറക്കല്‍ നടന്നത്. തുടര്‍ന്നു വിവിധ പരിശോധനകള്‍ക്കായി ചെറുതും വലുതുമായ നിരവധി വിമാനങ്ങള്‍ വിമാനത്താവളത്തിലെത്തി.
ഓരോ പരീക്ഷണം കഴിയുമ്പോഴും ഉദ്ഘാടന ദിവസം കാത്തിരിക്കുകയായിരുന്നു ഉത്തരമലബാറുകാര്‍. ലോക ഭൂപടത്തില്‍ തങ്ങളുടെ പ്രദേശവും ഇടംപിടിക്കുമെന്ന ആഹ്ലാദത്തിലാണു വിമാനത്താവളം നിലകൊള്ളുന്ന മട്ടന്നൂരുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."