വകഭേദം വന്ന കൊവിഡ് രാജ്യത്ത് 20 പേര്‍ക്ക് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്ത വകഭേദം വന്ന കൊവിഡ് സാന്നിധ്യം രാജ്യത്ത് 20 പേര്‍ക്ക് സ്ഥിരീകരിച്ചു. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ആറു പേരുള്‍പ്പെടെയാണിത്.
20 പേരും യു.കെയില്‍ നിന്ന് ഇന്ത്യയിലെത്തിയവരാണ്. ഡല്‍ഹിയില്‍ 14 പേരില്‍ നടത്തിയ പരിശോധനയില്‍ എട്ടു പേര്‍ക്കും ബംഗളൂരു നിംഹാന്‍സില്‍ പരിശോധിച്ച 15ല്‍ ഏഴു പേര്‍ക്കും ഹൈദരാബാദ് സി.സി.എം.ബിയില്‍ പരിശോധിച്ച 15ല്‍ രണ്ടു പേര്‍ക്കും 50 പേരെ പരിശോധിച്ച പൂനെയിലെ എന്‍.ഐ.വിയിലും ഏഴു പേരെ പരിശോധിച്ച കൊല്‍ക്കത്ത എന്‍.ഐ.ബി.ജിയിലും ആറു പേരെ പരിശോധിച്ച ഡല്‍ഹി ഐ.ജി.ഐ.ബിയിലും ഓരോരുത്തര്‍ക്കും വീതമാണ് പുതിയ കൊവിഡ് സ്ഥിരീകരിച്ചത്.
യു.കെയില്‍ നിന്നെത്തിയ യാത്രക്കാരില്‍ കൊവിഡ് സ്ഥിരീകരിച്ചവരെ മാത്രം വീണ്ടും വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കി അവരില്‍ പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ രൂപം നല്കിയ പത്തു ലാബുകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ സാര്‍സ്-കോവ്-2 ജിനോമിക്സ് കണ്‍സോര്‍ഷ്യമാണ് സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."