മധ്യപ്രദേശ്: എം.എല്‍.എമാര്‍ക്കെതിരേ നടപടി വേണ്ടെന്ന് ബി.ജെ.പി
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവതരിപ്പിച്ച ക്രിമിനല്‍ ഭേദഗതി നിയമത്തിന് ബി.ജെ.പി എം.എല്‍.എമാരായ നാരായണ്‍ ത്രിപാഠി, ശരത് കോള്‍ എന്നിവര്‍ അനുകൂലിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരേ തല്ക്കാലം നടപടിയെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി. എന്നാല്‍ കോണ്‍ഗ്രസ് നടത്തിയ നാടകീയ നീക്കത്തിന് പകരം വീട്ടുമെന്നാണ് ബി.ജെ.പി പറയുന്നത്.
തങ്ങളുടെ എം.എല്‍.എമാര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചത് ബി.ജെ.പിയെ ഞെട്ടിച്ചിരുന്നു. ഇക്കാര്യത്തില്‍ തല്ക്കാലം എം.എല്‍.എമാര്‍ക്കെതിരേ നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം പറയുന്നത്. ഏതെങ്കിലും തരത്തിലുള്ള എതിര് നിലപാട് സ്വീകരിച്ചാല്‍ അത് തിരിച്ചടിച്ചേക്കുമെന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്.
അതേസമയം ഭാവിയില്‍ സമാന രീതിയിലുള്ള തിരിച്ചടി കോണ്‍ഗ്രസിന് നല്കാന് അവസരമുണ്ടാക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു.
അതേസമയം നാരായണ്‍ ത്രിപാഠിയും ശരത് കോളും ബി.ജെ.പി അംഗങ്ങളാണ്. ഇരുവരും ഔദ്യോഗികമായി കോണ്‍ഗ്രസിലേക്ക് ചേരുമെന്ന് ഇതുവരെ അറിയിച്ചിട്ടുമില്ല. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ഇരുവര്‍ക്കുമെതിരേ ഏത് രീതിയിലുള്ള അച്ചടക്ക നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."