മെഡിക്കല്‍ കൗണ്‍സില്‍ ബില്‍; പ്രതിഷേധം കടുപ്പിക്കാന്‍ ഐ.എം.എയും മെഡിക്കല്‍ വിദ്യാര്‍ഥികളും
തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സില്‍ ബില്‍ പാസായ സാഹചര്യത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും ഐ.എം.എയും പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുന്നു. ബില്ലുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ച ഉപവാസ സമരം മണിക്കൂറുകള്‍ക്കകം ആരംഭിക്കും. രാജ്യവ്യാപകമായി പഠിപ്പുമുടക്ക് ആരംഭിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷ പി.ജി പരീക്ഷക്ക് മാനദണ്ഡമാക്കുന്ന മെഡിക്കല്‍ കൗണ്‍സില്‍ ബില്ലിലെ വ്യവസ്ഥക്കെതിരെയാണ് വിദ്യാര്‍ഥി പ്രതിഷേധം.
ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. ഇതേ പരീക്ഷയുടെ മാര്‍ക്കാവും എംഡി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനും ആധാരം.
ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലാവും എയിംസ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ അമ്പത് ശതമാനം സീറ്റുകളില്‍ ഫീസിന് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിക്കും. പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്പുകള്‍ക്കും, മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്ത വിദഗ്ധര്‍ക്കും നിയന്ത്രിത ലൈസന്‍സ് നല്‍കും. 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാവും മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി. ഇതോടെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇല്ലാതാകും. പകരം മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മെഡിക്കല്‍ കമ്മീഷനു കീഴില്‍ സ്വതന്ത്ര ബോര്‍ഡുകള്‍ സ്ഥാപിക്കും. സംസ്ഥാനങ്ങള്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ സ്ഥാപിക്കണം എന്നിങ്ങനെ നീളുന്നു ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലെ വ്യവസ്ഥകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."