കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് രാഷ്ട്രീയത്തിനതീതമായി പ്രവാസികള്‍ ഒറ്റക്കെട്ടാകണം: കേരളീയ സമാജം
മനാമ: കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയത്തിനതീതമായി പ്രവാസികള്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള അഭ്യര്‍ത്ഥിച്ചു.
പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ അടിസ്ഥാനഘടനയുടെ പുനര്‍നിര്‍മ്മാണ വിഷയം നടത്തുന്ന കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റില്‍ വിശ്വാസം ഉണ്ടെന്നും അദ്ധേഹം പറഞ്ഞു.
ഓണംനവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി മണി ഫണ്ട് ശേഖരിക്കാന്‍ വരുന്നതുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. സഹായം അഭ്യര്‍ഥിക്കുേമ്പാള്‍ കൊടുക്കാതിരിക്കാന്‍ നൂറ് കാരണങ്ങള്‍ ചിലര്‍ക്ക് പറയാനുണ്ടാകും. കൊടുക്കാന്‍ ഒരേ ഒരു കാരണമേയുള്ളൂ. അത് നമ്മുടെ കേരളത്തിന്റെ പ്രളയാനന്തര ദയനീയാവസ്ഥയാണ്. അതിനാല്‍ നാടിനെ വീണ്ടെടുക്കാന്‍ മുന്നും പിന്നും നോക്കാതെയുള്ള സഹായം വേണം. ഗവണ്‍മെന്റിന്റെ രാഷ്ട്രീയം നോക്കേണ്ട സന്ദര്‍ഭമല്ലിത്. അവിടെ ഇരിക്കുന്നവരും നമ്മെപ്പോലുള്ള മനുഷ്യരാണ്. അവരെ വിശ്വസിക്കാന്‍ ശ്രമിക്കണം. വിമര്‍ശനങ്ങള്‍ നല്ലതാണ്. ജനാധിപത്യത്തില്‍ അതിന് ആരോഗ്യകരമായ സ്ഥാനവുമുണ്ട്. പക്ഷെ ഇപ്പോഴത്തെ അവസ്ഥയില്‍ കേരളത്തിന്റെ അവസ്ഥയെ കാണാത്ത മട്ടിലുള്ള വിമര്‍ശനങ്ങള്‍ നല്ലതല്ല. ബഹ്‌റൈനിലെ മലയാളികള്‍ ഇതുവരെ കൈയയച്ചുള്ള സഹായപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അതില്‍ രാഷ്ട്രീയമോ മറ്റ് ഏതെങ്കിലും വേര്‍തിരിവുകളോ പ്രവാസികളില്‍ നിന്ന് ഉണ്ടായിട്ടില്ല. നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനുവേണ്ടിയാണ് ഈ പരിശ്രമങ്ങളെല്ലാം.
തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍. ഇവ പുനര്‍നിര്‍മ്മിക്കാന്‍ പ്രവാസി സമൂഹത്തില്‍ നിന്നുള്ള വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തണമെന്ന് ഈ അവസരത്തില്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ഥിക്കുകയാണ്. മന്ത്രി എം.എം. മണി ബഹ്‌റൈനില്‍ എത്തുമ്പോള്‍ അദ്ദേഹത്തിനോട് ഇക്കാര്യം അറിയിക്കുമെന്നും രാധാകൃഷ്ണപിള്ള പറഞ്ഞു.
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഓണം നവരാത്രി ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബര്‍ 11 ന് രാത്രി 7.30ന് നടക്കുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കുമെന്നും സംഘാടകര്‍ വിശദീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.കെ. വീരമണി, ജനറല്‍ കണ്‍വീനര്‍-36421369, ഹരി കൃഷ്ണന്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ (66759824), എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
പ്രോഗ്രാം വിശദാംശങ്ങള്‍:
ഒക്ടോബര്‍ 11ന് രാത്രി 7.30ന് ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനവും തുടര്‍ന്ന് വിവിധ പരിപാടികളും അരങ്ങേറും.
പ്രമുഖ വ്യവസായി ബാബുരാജന്റെ മകനും ബി.കെ.ജി ഹോള്‍ഡിംഗ് ഡയറക്ടറും ആയ ശ്രീ രജത്ത് ബാബുരജനെ സമാജം Young Business Icon Award നല്‍കി ചടങ്ങില്‍ ആദരിക്കും
തുടര്‍ന്ന് പ്രമുഖ ഗായകര്‍ നയിക്കുന്ന ഗാനമേളവും നടക്കും. സമാജം അംഗവും വനിതാ സംരംഭകയുമായ നൈന മുഹമ്മദ് ആണ് ഗാനമേളയുടെ പ്രയോജക.
ഒക്ടോബര്‍ 10ന് രാത്രി എട്ടു മണിക്ക് സമാജം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും സംഗീത കച്ചേരിയും അരങ്ങേറും.
ഒക്ടോബര്‍ 12 ന് രാവിലെ 10 മണിക്ക് രംഗോളി മത്സരവും രാത്രി 7.30ന് സമാജം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും. പ്രമുഖ വ്യവസായിയായ ഡോ: കെ.എസ് മേനോനെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് അനൂപ് പാല, അഭിലാഷ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കോമഡി ഷോയും പ്രശസ്ത ഗായകന്‍ രാകേഷ് ബ്രഹ്മാനന്ദന്‍ സംഗീത പ്രഭു തുടങ്ങിയവര്‍ നയിക്കുന്ന സംഗീത വിരുന്നും നടക്കും.
ഒക്ടോബര്‍ 13ന് രാത്രി എട്ടു മണിക്ക് അനൂപ് പാല അഭിലാഷ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കോമഡി ഷോയും പ്രശസ്ത ഗായകരായ കല്ലറ ഗോപന്‍, ലക്ഷ്മി ജയന്‍ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. പ്രമുഖ ബഹ്‌റൈന്‍ വ്യവസായി ജഷന്‍ ബുക്കാമലിനെ BKS Premier BKS Excellence Award for the Best Employer അവാര്‍ഡ് നല്‍കി സമാജം ആദരിക്കും.
ഒക്ടോബര്‍ 14 ന് രാത്രി 7.30ന് നൃത്തനൃത്യങ്ങളും തുടര്‍ന്ന് സുകുമാരി നരേന്ദ്രമേനോന്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും സിനിമാറ്റിക് സോങ്ങ്‌സ് വിഷ്വല്‍സും ഉണ്ടായിരിക്കും.
ഒക്ടോബര്‍ 15 ന് രാത്രി 7.30ന് പ്രശസ്ത കാഥികന്‍ സുലൈമാന്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗവും ആരവം ബഹറിന്‍ അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളും ഉണ്ടായിരിക്കും.
ഒക്ടോബര്‍ 16 ന് രാത്രി 8 മണിക്ക് നൃത്തനൃത്യങ്ങളും സമാജത്തിലെ കൗമാര പ്രതിഭകള്‍ അവതരിപ്പിക്കുന്ന കര്‍ണാട്ടിക് സംഗീത കച്ചേരി നടക്കും.
ഒക്ടോബര്‍ 17 ന് രാത്രി 8 മണിക്ക് ബഹ്‌റൈനിലെ പ്രമുഖ നൃത്ത അധ്യാപകര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ നടക്കും
ഒക്ടോബര്‍ 18 ന് രാത്രി 8.15 ന് കേരളത്തിന്റെ വാനമ്പാടി ചിത്ര, ശരത്ത്, രൂപ രേവതി തുടങ്ങിയവരും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും അന്നേ ദിവസം നടക്കും.
ഒക്ടോബര്‍ 19 ന് കാലത്ത് 5 മണി മുതല്‍ പ്രശസ്ത കവിയും എഴുത്തുകാരനുമായ പ്രൊഫസര്‍ മധുസൂദനന്‍ നായര്‍ ബഹ്‌റൈനിലെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കും.
വൈകുന്നേരം 7.30ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ വൈദ്യുത മന്ത്രി എം.എം മണി മുഖ്യാതിഥി ആയിരിക്കും. ചടങ്ങില്‍ ലത്തീഫ്, ഫറൂക്ക് അല്‍മോയീദ് എന്നിവരെ സമാജം ആദരിക്കും. തുടര്‍ന്ന് എസ്.പി ബാലസുബ്രമണ്യം എസ്.പി ശൈലജ തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
നവംബര്‍ 2ന് വെള്ളിയാഴ്ച പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 5000 പേര്‍ക്കുള്ള വിഭവസമൃദ്ധമായ കേരള സദ്യയും ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എം.പി രഘു, വൈസ് പ്രസിഡന്റ് മോഹന്‍രാജ്, ഓണം നവരാത്രി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍.കെ വീരമണി, ജനറല്‍ കോര്‍ഡിനേറ്റര്‍ ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."