ചാലിയാര്‍ ചലഞ്ചിന് നാളെ തുടക്കം
കോഴിക്കോട്: ചാലിയാറിനെ തൊട്ടറിയാനും സംരക്ഷിക്കാനും ലക്ഷ്യംവച്ചുള്ള 'ജെല്ലിഫിഷ് ചാലിയാര്‍ ചലഞ്ച്- 18'ന് നാളെ തുടക്കമാകും. ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബ് കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെയാണു ദീര്‍ഘദൂര കയാക്കിങ് യാത്ര സംഘടിപ്പിക്കുന്നത്. നാളെ ഉച്ചയ്ക്ക് നിലമ്പൂരില്‍നിന്ന് തുടങ്ങുന്ന കയാക്കിങ് യാത്ര 14ന് ചെറുവണ്ണൂരില്‍ സമാപിക്കും.
12ന് ഉച്ചയ്ക്ക് രണ്ടിന് നിലമ്പൂര്‍ മാനവേദന് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തുള്ള കടവില്‍ യാത്ര പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. 14ന് ഉച്ചയ്ക്ക് രണ്ടിന് ചെറുവണ്ണൂരില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ വി.കെ.സി മമ്മദ് കോയ എം.എല്‍.എ, കോഴിക്കോട് പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് പങ്കെടുക്കും.
ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ, കാനഡ, ഫ്രാന്‍സ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്ന് ഏകദേശം 100 ആളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. എട്ടു വയസു മുതല്‍ അറുപതു വയസുവരെ പ്രായമുള്ളവരടങ്ങിയ സംഘം ചാലിയാറിലൂടെ 68 കിലോമീറ്റര്‍ സഞ്ചരിക്കും.
ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ പ്രമുഖ കയാക്കിങ് താരം കൗസ്തുബ് കാഡെയടക്കമുള്ള താരങ്ങളോടൊപ്പം തുടക്കക്കാര്‍ക്കും തുഴയെറിയാം എന്നതാണു യാത്രയുടെ മറ്റൊരു സവിശേഷത. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് കയാക്കിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."